ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ കുറിച്ചാണ് ഇപ്പോൾ സ്പോർട്സ് താരങ്ങൾക്കിടയിലെ സംസാര വിഷയം. 2019ൽ ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. സൈന്യത്തിൽ സേവനത്തിനുപോയ ധോണി തിരിച്ചെത്തിയ ശേഷവും ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ചുകൊണ്ടു ധോണി തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചെങ്കിലും കൊവിഡ് മഹാമാരി കാരണം ഐ പി എൽ നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോൾ ധോണിയെ കുറിച്ച് പറയുകയാണ് ഇന്ത്യയുടെ മുൻ ഫാസ്റ്റ് ബോളർ ആശിഷ് നെഹ്റ.
"ഇനിയൊന്നും ധോണിക്ക് തെളിയിക്കാനില്ല. ഇന്ത്യക്കായി സന്തോഷത്തോടെ ധോണി അവസാന മത്സരം കളിച്ച് കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്. വിരമിക്കല്‍ പ്രഖ്യാപിക്കാത്തത് കൊണ്ടാണ് ധോണിയുടെ കരിയറിനെ കുറിച്ച് മാദ്ധ്യമങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ എന്താണ് പ്ലാന്‍ എന്ന് ധോണിക്ക് മാത്രമേ പറയാനാവൂ" എന്നും ആശിഷ് നെഹ്‌റ പറഞ്ഞു.
എം എസ് ധോണിയുടെ അന്താരാഷ്ട്ര കരിയറിനെ സംബന്ധിച്ചിടത്തോളം, ഐ പി എല്ലിന് അതുമായി യാതൊരു ബന്ധവുമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും നെഹ്‍റ പറഞ്ഞു. താനൊരു നായകനോ, പരിശീലകനോ, സെലക്ടറോ ആണെങ്കിൽ എംഎസ് ധോണിയായിരിക്കും തന്റെ പട്ടികയിലെ ഒന്നാം നമ്പർ എന്നും നെഹ്‌റ വ്യക്തമാക്കി.
“എന്റെ അഭിപ്രായത്തിൽ എം എസ് ധോണിയുടെ കളി ഒരിക്കലും അവസാനിക്കുന്നില്ല. അദ്ദേഹം കളിച്ച അവസാന മത്സരം വരെ ലോകകപ്പ് ഫൈനലിൽ എത്തുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു,ധോണി ക്രീസിലുണ്ടായിരുന്നടുത്തോളം. അവൻ പുറത്തായ നിമിഷം എല്ലാവരുടെയും പ്രതീക്ഷ അവസാനിച്ചു. ആ സമയത്ത് പോലും അദ്ദേഹത്തിന്റെ കളി എന്താണെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു,”- നെഹ്റ പറഞ്ഞു.