gandhi

ലണ്ടൻ: ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്ന മഹാത്മാ ഗാന്ധിക്ക് ബ്രിട്ടനിൽ ആദരം. മഹാത്മാ ഗാന്ധിയുടെ മുഖം ആലേഖനം ചെയ്ത നാണയം ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കും. നമ്മുടെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15നായിരിക്കും നാണയം പുറത്തിറക്കുക.

കറുത്തവർഗക്കാരുടെയും ഏഷ്യൻ വംശജരുടെയും സംഭാവനകൾ ഏറെ അംഗീകരിക്കപ്പെടുന്ന സമയത്താണ് മഹാത്മാ ഗാന്ധിയ്ക്കും സ്മാരക നാണയം ഒരുങ്ങുന്നത്. സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ഏഷ്യൻ വംശജരെയും കറുത്ത വർഗക്കാരെയും ആദരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ധനകാര്യ മന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനാക് റോയൽ മിന്റ് അഡ്വൈസറി കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ട്.

മഹാത്മാ ഗാന്ധിയുടെ പേരിലുള്ള നാണയം പുറത്തിറക്കാൻ കമ്മിറ്റി തീരുമാനിച്ചതായി യു.കെ ട്രഷറി പ്രസ്താവനയിൽ അറിയിച്ചു.

അഹിംസാ സമരത്തിലൂടെ ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്ന് മോചിപ്പിച്ച ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കുന്നത്. 1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് 1948 ജനുവരി 30ന് മഹാത്മാഗാന്ധി വധിക്കപ്പെട്ടു.

അമേരിക്കയിൽ ജോർജ് ഫ്ളോയിഡ് എന്ന കറുത്തവർഗക്കാരനെ വെള്ളക്കാരനായ പൊലീസുകാരൻ കഴുത്തിൽ കാൽമുട്ട് അമർത്തി ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ലോകം മുഴുവൻ വർണ വിവേചനത്തിനെതിരായ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. വംശീയതയുടെയും കൊളോണിയലിസത്തിന്റെയും ചരിത്രം ലോകം തിരുത്താൻ തുടങ്ങിയിരിക്കുകയാണ്. ഈ സമയത്താണ് ബ്രിട്ടീഷ് സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളിലെ അതുല്യ വ്യക്തിത്വങ്ങളെ ആദരിക്കാൻ ഒരുങ്ങുന്നത്.

ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനിലും വംശീയപ്രക്ഷോഭം ശക്തമായിരുന്നു. അടിമക്കച്ചവടക്കാരുടെയും കൊളോണിയലിസത്തിന്റെ വക്താക്കളുടെയും പ്രതിമകൾ ബ്രിട്ടനിലെങ്ങും തകർക്കപ്പെട്ടു.

കറുത്തവർഗക്കാരും ഏഷ്യൻ വംശജരും ബ്രിട്ടന്റെ വളർച്ചയിൽ നൽകിയ സംഭാവനകൾ വളരെ വലുതാണ്. ബ്രിട്ടന്റെ നാണയങ്ങളുടെ രൂപവും ഘടനയും നിർണയിക്കുന്ന സ്വതന്ത്ര സമിതിയായ റോയൽ മിന്റ് അഡ്വൈസറി കമ്മിറ്റിയാണ് ഗാന്ധിജിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കാൻ അന്തിമ തീരുമാനമെടുത്തത്.

- ഋഷി സുനാക്,

ബ്രിട്ടീഷ് ധനകാര്യ മന്ത്രി