ഇന്നുമുതൽ വാങ്ങാം
മുംബയ്: രാജ്യത്ത് സ്വർണ ഉപഭോഗവും ഇറക്കുമതിയും കുറയ്ക്കാനായി കേന്ദ്രം ആവിഷ്‌കരിച്ച ഗോൾഡ് ബോണ്ട് പദ്ധതിയുടെ അഞ്ചാംഘട്ട സ്‌കീമിൽ ഗ്രാമിന് വില 5,334 രൂപ. ഇന്നുമുതൽ ഏഴുവരെയാണ് ഗോൾഡ് ബോണ്ട് വാങ്ങാനുള്ള കാലാവധി. ജൂലായ് ആറു മുതൽ 10 വരെ വിതരണം ചെയ്‌ത, നാലാംഘട്ടത്തിൽ ഗ്രാമിന് വില 4,852 രൂപയായിരുന്നു.
അഞ്ചാംഘട്ടത്തിൽ ഡിജിറ്റലായി നിക്ഷേപം നടത്തുന്നവർക്ക് ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ഇവർ ഗ്രാമിന് 5,284 രൂപ നൽകിയാൽ മതി. കേന്ദ്രസർക്കാരിന് വേണ്ടി റിസർവ് ബാങ്കാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്‌കീം അവതരിപ്പിക്കുന്നത്. സ്വർണ ബോണ്ടിൽ ഒരു ഗ്രാം മുതൽ നിക്ഷേപം നടത്താം. എട്ടുവർഷമാണ് കാലാവധി. എന്നാൽ, അഞ്ചുവർഷത്തിന് ശേഷം വിറ്റഴിക്കാനുള്ള ഓപ്‌ഷനുണ്ട്.
ആർക്ക് വാങ്ങാം?
ഇന്ത്യൻ പൗരന്മാർ, അവിഭക്ത ഹിന്ദു കുടുംബങ്ങൾ, ട്രസ്‌റ്റുകൾ, സർവകലാശാലകൾ, ചാരിറ്റി സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ഗോൾഡ് ബോണ്ട് വാങ്ങാൻ യോഗ്യത.
എത്ര വാങ്ങാം?
ഒരു സാമ്പത്തിക വർഷത്തിൽ വ്യക്തിക്ക് ഒരു ഗ്രാം മുതൽ നാലു കിലോ വരെ സ്വർണത്തൂക്കത്തിന്റെ മൂല്യമുള്ള ഗോൾഡ് ബോണ്ട് വാങ്ങാം. ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പരമാവധി 20 കിലോ വാങ്ങാം.
എവിടെ കിട്ടും?
തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകൾ, സ്‌റ്രോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, തിരഞ്ഞെടുക്കപ്പെട്ട പോസ്‌റ്ര് ഓഫീസുകൾ, ഓഹരി വിപണികൾ എന്നിവിടങ്ങളിൽ നിന്ന് ഗോൾഡ് ബോണ്ട് വാങ്ങാം.
എന്താണ് നേട്ടം?
സ്വർണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം നികുതിയില്ലാതെ 2.50 ശതമാനം പലിശ കൂടി നിക്ഷേകന് ലഭിക്കുമെന്നതാണ് സ്വർണ ബോണ്ടിന്റെ സവിശേഷത. ബോണ്ട് കാലാവധി പൂർത്തിയാകുന്ന സമയത്തെ സ്വർണ നിരക്കിനെ അടിസ്ഥാനമാക്കി ഇതിനെ പണമാക്കി മാറ്റാനും സാധിക്കും.