trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപിനെ നാമനിർദ്ദേശം ചെയ്തു കൊണ്ടുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവൻഷനിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനമില്ല. പാർട്ടിയുടെ ഒരു സ്വകാര്യ പരിപാടിയായിട്ടായിരിക്കും ഇത്തവണ നാമനിർദ്ദേശ പരിപാടി നടക്കുക. കൊവിഡ് ബാധയാണ് മാദ്ധ്യമങ്ങളെ കയറ്റാത്തതിന് കാരണമായി റിപ്പബ്ലിക്കൻ പാർട്ടി പറയുന്നത്.

ഈ മാസം 24ന് കരോളിനയിലെ ഷാർലോട്ട് നഗരത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ 336 പ്രതിനിധികളുടെ യോഗം. പ്രതിനിധികൾ ഏകദേശം 2500ഓളം വരുന്ന റിപ്പബ്ലിക്കൻ പാർട്ടി ഔദ്യോഗിക അംഗങ്ങൾക്കായി വോട്ടുകൾ രേഖപ്പെടുത്തുകയാവും ചെയ്യുക. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏക പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ട്രംപ്. ഔദ്യോഗികമായി സ്ഥാനാർത്ഥിയാകുന്നതോടെ അമേരിക്കയിൽ വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രപാരണം ശക്തിപ്പെടും. പ്രാദേശിക സർക്കാരുകളുടെ നിബന്ധനകൾക്കനുസരിച്ചാണ് കൺവെൻഷൻ നടത്തുന്നതെന്ന് റിപ്പബ്ലിക്കൻ പാർട്ടി വക്താവ് പറഞ്ഞു. ഫ്‌ളോറിഡയിലെ ജാക്ക്‌സൺ വില്ലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൺവൻഷൻ നോർത്ത് കരോളിന ഗവർണറുടെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റിയത്.

നവംബർ മൂന്ന്: അമേരിക്കയുടെ വിധിദിനം

  1. നവംബർ മൂന്നിനാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
  2. നാല് വർഷം കൂടുമ്പോഴുളള നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
  3. കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ട്രംപിന്റെ നിർദ്ദേശം റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളടക്കം തള്ളി.
  4. അമേരിക്കയുടെ ആധുനിക ചരിത്രത്തിൽ ഇതുവരെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടില്ല.
  5. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനാണ് ട്രംപിന്റെ എതിരാളി.