നെയ്‌റോബി: നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരസ്യമായി പിന്തുണച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ സഹോദരൻ അബോംഗോ മാലിക് ഒബാമ.
'അമേരിക്കയെ ഒന്നുകൂടി ഗ്രേറ്റ് ആക്കാൻ ട്രംപ് തന്നെ വീണ്ടും അധികാരത്തിൽ വരണം. കൺമുന്നിൽ കാണുന്നതെന്തോ അതാണ് ട്രംപ് പറയുന്നത്. അയാൾ ഭയമില്ലാത്തവനും ബോൾഡും ടഫുമാണ്. അങ്ങനെയൊരാളാണ് ഭരണത്തിൽ വരേണ്ടത്. അതുകൊണ്ട് നിങ്ങൾ ട്രംപിന് വോട്ടു ചെയ്യണം.'- മാലിക് പറഞ്ഞു. 'പല്ലുകൊഴിഞ്ഞു തുടങ്ങിയ വൃദ്ധൻ" എന്നാണ് ട്രംപിന്റെ എതിർസ്ഥാനാർത്ഥി ജോ ബൈഡനെ മാലിക് വിശേഷിപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ട്രംപിനെ പിന്തുണച്ച് മാലിക് എത്തിയിരുന്നു. തന്റെ പുതിയ പുസ്തകമായ 'ബിഗ് ബാഡ് ബ്രദർ ഫ്രം കെനിയ"യിൽ ബറാക് ഒബാമയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് മാലിക് ഉന്നയിച്ചിരിക്കുന്നത്. 22 വർഷമെടുത്ത് എഴുതിയ പുസ്തകത്തിൽ കാശു വന്നപ്പോൾ തന്റെ സഹോദരൻ ഒരു പൊങ്ങച്ചക്കാരനായി മാറിയെന്നും മാലിക് കുറിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ആന്റി ഹവാ ഔമ ഹുസൈൻ മരിക്കുമ്പോൾ ചെയ്തു കൊടുക്കാമെന്നു പറഞ്ഞ ഒരു വാഗ്ദാനവും ഒബാമ പാലിച്ചില്ല. ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് ആന്റി മടങ്ങിയത്. മൃതദേഹം കെനിയയിലേക്ക് കൊണ്ടുപോകാൻ 20,000 പൗണ്ട് സഹായം ചോദിച്ചപ്പോൾ വെറും 5000 പൗണ്ട് മാത്രമാണ് തന്നത്. യു.എസ് പ്രസിഡന്റായതോടെ ഒബാമ ഞങ്ങളുടെ കുടുംബത്തെ കൈയൊഴിഞ്ഞു എന്നും മറ്റുമുള്ള ഗുരുതര ആരോപണങ്ങളാണ് മാലിക് പുസ്തകത്തിലൂടെ സഹോദരന് നേരെ ഉന്നയിച്ചിരിക്കുന്നത്.
ഒബാമ പ്രസിഡന്റായ കാലം വരെ ഇരുവരും നല്ല സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് മാലിക് തെറ്റിപ്പിരിയുകയായിരുന്നു.