ലണ്ടൻ : ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളാകുന്നവർ എന്ന തങ്ങളുടെ റെക്കാഡിന്റെ തിളക്കം ഒന്നുകൂടി വർദ്ധിപ്പിച്ച് ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ആഴ്സനൽ എഫ്.എ കപ്പ് ജേതാക്കളായി. കഴിഞ്ഞ രാത്രി വിഖ്യാതമായ വെംബ്ളി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കരുത്തന്മാരായ ചെൽസിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് കീഴടക്കിയാണ് ആഴ്സനൽ കപ്പടിച്ചത്. ഇതോടെ യൂറോപ്പ ലീഗിനും ആഴ്സനൽ യോഗ്യത നേടി.
മത്സരത്തിന്റെ അഞ്ചാം മിനിട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ സ്കോർ ചെയ്തിരുന്ന ചെൽസിക്കെതിരെ തിരിച്ചടിച്ച് വിജയം നേടാൻ മൈക്കേൽ ആർട്ടേറ്റ പരിശീലിപ്പിക്കുന്ന ടീമിനെ തുണച്ചത് ഇൗ സീസണിലെ മിന്നുന്ന പ്രകടനക്കാരൻ പിയറി ഒൗബമയാംഗിന്റെ ഇരട്ട ഗോളുകളാണ്. 28-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സ്കോർ ചെയ്തിരുന്ന ഗാബോൺകാരനായ ഒൗബമയാംഗ് 67-ാം മിനിട്ടിലാണ് വിജയഗോൾ നേടിയത്. 73-ാം മിനിട്ടിൽ മാറ്റിയോ കൊവാസിച്ച് രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് ചെൽസി മത്സരം പൂർത്തിയാക്കിയത്. മൂന്ന് താരങ്ങൾക്ക് പരിക്കേറ്റതും ചെൽസിക്ക് തിരിച്ചടിയായി.
ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മൂന്നാം സ്ഥാനക്കാരായ ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചിരുന്നു. പ്രിമിയർ ലീഗിൽ എട്ടാം സ്ഥാനത്തായിപ്പോയ ആഴ്സനലിന് എഫ്. എ കപ്പ് നേട്ടത്തോടെ വൻകരയിലെ രണ്ടാം രണ്ടാം ഡിവിഷൻ ലീഗായ യൂറോപ്പ ലീഗിൽ കളിക്കാൻ യോഗ്യത ലഭിച്ചു.1995/96 സീസണിന് ശേഷം ആഴ്സനൽ ഇതുവരെ യൂറോപ്പിലെ ആദ്യ രണ്ട് ഡിവിഷൻ ലീഗുകളിലൊന്നിൽ കളിച്ചിട്ടുണ്ട്.
ഗോളുകൾ ഇങ്ങനെ
0-1
5-ാം മിനിട്ട്
ക്രിസ്റ്റ്യൻ പുലിസിച്ച്
ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ഒലിവർ ജിറൂദ് പിൻകാൽകൊണ്ട് നൽകിയ പാസ് പടിച്ചെടുത്താണ് പുലിസിച്ച് ചെൽസിയെ മുന്നിലെത്തിച്ചത്.
1-1
28-ാം മിനിട്ട്
ഒൗബമയാംഗ്
സീസർ അത്പെല്ലിക്യുവേറ്റ തന്നെ ബോക്സിനുള്ളിൽ വച്ച് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഒൗബമയാംഗ് ഗോളാക്കുകയായിരുന്നു. അത്പെല്ലിക്യുവേറ്റയ്ക്ക് മഞ്ഞക്കാർഡും കിട്ടി.
2-1
67-ാം മിനിട്ട്
ഒൗബമയാംഗ്
ഒരു ഷോർട്ട് ഫ്രീകിക്കിൽ നിന്ന് ബെല്ലരിൻ നൽകിയ പന്തിൽ പെപെ നൽകിയ പാസാണ് ആഴ്സനൽ നായകൻ വിജയ ഗോളാക്കിമാറ്റിയത്.
14
ആഴ്സനലിന്റെ എഫ്.എ കപ്പ് നേട്ടങ്ങളുടെ എണ്ണം. ഏറ്റവും കൂടുതൽ തവണ എഫ്.എ കപ്പ് ജേതാക്കളായ ടീം ആഴ്സനലാണ്.
1929-30,1935-36,1949-50,1970-71,1978-79,1992-93,1997-98,2002-03,2004-05,2013-14,2014-15,2016-17വർഷങ്ങളിലാണ് ഇതിന് മുമ്പ് ആഴ്സനൽ എഫ്.എ കപ്പ് നേടിയിരുന്നത്.
വൗ ഒൗബമയാംഗ്
ഇൗ സീസണിൽ പ്രത്യേകിച്ച് ലോക്ക്ഡൗൻിന് ശേഷം ആഴ്സനലിന് കരുതായത് പിയറി ഒൗബമയാംഗാണ്. 29 ഗോളുകളാണ് സീസണിൽ ആഴ്സനൽ ക്യാപ്ടൻ കൂടിയായ ഇൗ ഗാബോൺകാരൻ അടിച്ചുകൂട്ടിയിരിക്കുന്നത്. എഫ്.എ കപ്പിന്റെ സെമിയിലും ഫൈനലിലും ഇരട്ടഗോളുകളെന്ന റെക്കാഡും സ്വന്തമാക്കി.
ആർട്ടേറ്റയുടെ ആദ്യകിരീടം
കഴിഞ്ഞ ഡിസംബറിൽ ആഴ്സനൽ കോച്ചായി സ്ഥാനമേറ്റ മൈക്കേൽ ആർട്ടേറ്റയുടെ ആദ്യ കിരീടനേട്ടമാണിത്. ക്യാപ്ടനായും കോച്ചായും ആഴ്സനലിനെ എഫ്. എ കപ്പ് ജേതാക്കളാക്കുന്ന ആദ്യത്തെയാളും പെപ് ഗ്വാർഡിയോളയുടെ മുൻ അസിസ്റ്റന്റായ ആർട്ടേറ്റ തന്നെ. 1986-87 സീസണിൽ കോച്ചായിരുന്ന ജോർജ് ഗ്രഹാമിന് ശേഷം ആഴ്സനൽ കോച്ചായുള്ള അരങ്ങേറ്റ സീസണിൽ കിരീടം നേടുന്ന ആദ്യത്തെയാളും ആർട്ടേറ്റ തന്നെ.