തിരക്കേറിയ നടിയായിരുന്ന പാർവതി ഇരുപത്തിയാറുവർഷം മുൻപാണ്
നടൻ ജയറാമിനെ വിവാഹം ചെയ്തത്. അതിനുശേഷം നല്ലൊരു ഭാര്യയും
അമ്മയുമായി. കുട്ടിക്കാലത്തു തന്നെ കഴിവു തെളിയിച്ച മകൻ കാളിദാസൻ
നായക നിരയിലേക്ക് ഉയർന്നിരിക്കുന്നു. മകൾ മാളവികയ് ക്ക്
ഉയർന്നവിദ്യാഭ്യാസ യോഗ്യത. പരസ്പര ബഹുമാനമാണ്
ഇൗ കുടുംബത്തിന്റെഅടിത്തറ. ജയറാമിനും പാർവതിക്കും
അഭിമാനിക്കാൻ ഇതിൽ കൂടുതലെന്തുവേണം?
കണ്ണനിൽ (കാളിദാസൻ) ഞാൻ കാണുന്ന പ്ലസ്പോയിന്റ് അവന്റെ ക്ഷമയാണ്. ഒന്നിനോടും ധൃതി പിടിക്കാറില്ല. നമ്മൾ പറഞ്ഞുകൊടുക്കുന്നത് വളരെ ശാന്തമായി കേട്ടിരിക്കും. അതു കൊണ്ടാണല്ലോ മലയാളത്തിൽ നായകനായി അരങ്ങേറാൻ അവൻ ഇത്രയും വൈകിയത്.വളരെ ആലോചിച്ചേ തിരുമാനങ്ങളെടുക്കൂ.ആത്മവിശ്വാസത്തിന്റെ കലവറയാണ് കണ്ണനെന്ന് തോന്നിട്ടുണ്ട്. ഇന്നു വരെ അവനോട് മുഖം കറുപ്പിച്ച് സംസാരിക്കേണ്ടി വന്നിട്ടില്ല.എല്ലാം കാര്യത്തെയും വളരെ പക്വതയോടെയാണ് സമീപിക്കുന്നത്.ഞാനൊക്കെ വളരെ വൈകിയാണ് ഈ നിലയിലെത്തിച്ചേർന്നത്.അവനിൽ ഞാൻ നല്ല ഗുണങ്ങളേ കണ്ടിട്ടുള്ളൂ. കണ്ണന്റ അച്ഛനാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.മാളവിക ഏറക്കുറെ കണ്ണന്റെ ഫോട്ടോ കോപ്പിയാണ്. മക്കൾ ജനിച്ചത് ചെന്നൈയിലാണെങ്കിലും വളർന്നത് മലയാളികളെ പോലെയാണ്. കുട്ടികൾ ഇങ്ങനെയൊക്കെയായതിന്റെ ക്രെഡിറ്റ് അശ്വതിക്കാണ്(പാർവതി).ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാൻ അധികവും പുറത്തായിരിക്കുമല്ലോ.അതു കൊണ്ട് അശ്വതിയാണ് അവരുടെ സ്വഭാവരൂപീകരണത്തിൽ നല്ലൊരു പങ്കുവഹിച്ചത്.
-ജയറാം
അച്്ഛനും അമ്മയ്ക്കും മറ്റുള്ളവരുടെ പ്രീതി വേഗം പിടിച്ചെടുക്കാൻ കഴിയും. അതാണ് അവരുടെ പ്ളസ് പോയിന്റ്.ജീവിതത്തിലായാലും സിനിമയിലായാലും അച്ഛനോടും അമ്മയോടും ആരുംദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എല്ലാവരും സ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. അതിന് കാരണം അവർ മറ്റുള്ളവരോട് കാണിക്കുന്ന ആദരവാണ്. ചെറിയവരായാലും വലിയവരായാലും അച്ഛനും അമ്മയും ചിരിച്ചുകൊണ്ട് മാത്രമേ സംസാരിക്കാറുള്ളൂ. അതു കൊണ്ടാണ് മറ്റുള്ളവരെ വെറുപ്പിക്കാതെ അവരുടെ സ്നേഹം പിടിച്ചുവാങ്ങാൻ കഴിയുന്നത്. ഒരാൾക്ക് വേണ്ട ഏറ്റവും വലിയ ഗുണമാണിത്.പരസ്പര ബഹുമാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.അതു കൊണ്ട് തന്നെ ഇങ്ങനെയൊരു മാതാപിതാക്കളെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു.മാളവികയുടെ കാര്യം പറയുകയാണെങ്കിൽ അവൾ എന്ത് കാര്യത്തിലും കൂടെയുണ്ടാകും.ഇങ്ങനെയൊരു കുഞ്ഞനുജത്തിയെ കിട്ടിയത് എന്റെ ഭാഗ്യമാണ്.
-കാളിദാസൻ
കണ്ണന്റെയും എന്റെയും റോൾമോഡൽ അച്ഛനും അമ്മയുമാണ്. അവരെ കണ്ടാണ് ഞങ്ങൾ പഠിക്കുന്നത്. എന്തു കാര്യമുണ്ടെങ്കിലും അച്ഛനോടും അമ്മയോടും തുറന്നുപറയും. തമാശയാണെങ്കിലും ഗൗരവമുള്ളതാണെങ്കിലും അച്ഛനോടും അമ്മയോടുമായിരിക്കും ആദ്യം പറയുക. അച്ഛനും അമ്മയും ഒരിക്കൽ പോലും ഞങ്ങളെ ശകാരിച്ചിട്ടില്ല. അവർ എപ്പോഴും കാണിക്കുന്ന ആ വാത്സല്യമാണ് അവരിൽ ഞാൻ കാണുന്ന നല്ല ഗുണങ്ങൾ.
-മാളവിക
കണ്ണന് ടെൻഷനോ പേടിയോ ഒന്നുമില്ല. അതുതന്നെയാണ് അവന്റെ പ്ലസ്പോയിന്റ്. ചെറിയ പ്രായം മുതലേ അവൻ ഷൂട്ടിംഗ് കാണാൻ പോകുമായിരുന്നു. പിന്നീട് സിനിമയിൽ അഭിനയിച്ചപ്പോൾ അവന് ഒരുപേടിയും ഇല്ലായിരുന്നു. ഞങ്ങളൊക്കെ കുട്ടികളായിരുന്നപ്പോൾ ലൊക്കേഷനെക്കുറിച്ച് ഓർക്കുമ്പോഴേ പേടിയായിരുന്നു. കണ്ണന്റെ ഈ ധൈര്യം എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. മാളവികയാകട്ടെ അടക്കവും ഒതുക്കവും വന്ന പെൺകുട്ടിയാണ്.കണ്ണനും മാളവികയും ഒരിക്കൽ പോലും വഴക്കുണ്ടാക്കി കണ്ടിട്ടില്ല.
-പാർവതി