ബ്രസീലിയ:ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസനാരോയെ പിന്തുണയ്ക്കുന്ന 12 അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഫേസ്ബുക്ക് അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബ്രസീലിയൻ കോടതിയാണ് അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ചത്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ നേരത്തെ ബ്രസീൽ സുപ്രീംകോടതി ഫേസ്ബുക്കിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ജഡ്‍ജി അലക്സാൻഡ്രെ ഡി മൊറെയ്‍സ് വീണ്ടും നിർദ്ദേശം നൽകിയത്. ബ്രസീലിന് പുറത്തേക്ക് ലോക്കേഷൻ മാറ്റി ഈ അക്കൗണ്ടുകൾ ഇപ്പോഴും പ്രവർത്തിക്കുന്നതായി ജഡ്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ബ്രസീലിന് പുറത്തുനിന്നുള്ള അക്കൗണ്ടുകളുടെ കാര്യത്തിൽ ആഗോള നിയമം പരിഗണിക്കേണ്ടി വരുമെന്നാണ് ഫേസ്ബുക്ക് കോടതിയെ അറിയിച്ചത്. അതേസമയം, കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ഫേസ്ബുക്ക് 367000 ഡോളർ പിഴയടയ്ക്കണമെന്ന് ജഡ്‍ജി ഉത്തരവിട്ടു.