ലണ്ടന്‍ : കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗമായി ലോകം അംഗീകരിച്ചതാണ് മാസ്‌ക് ഉപയോഗം. ഏഷ്യന്‍ രാജ്യങ്ങള്‍ തുടക്കം മുതല്‍ തന്നെ മാസ്‌ക് ശീലമാക്കിയിരുന്നു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ മാസ്‌കിനെതിരായിരുന്നു. രോഗവ്യാപനം തീവ്രമായപ്പോഴാണ് ലോകാരോഗ്യ സംഘടന പോലും മാസ്‌ക് രോഗപ്രതിരോധത്തിന് ഫലപ്രദമാണെന്ന് പറഞ്ഞത്.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാസ്‌ക് ധരിക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ അമേരിക്കയില്‍ മരണം ഒരു ലക്ഷം പിന്നിട്ടതിന് ശേഷമാണ് ട്രംപ് മാസ്‌ക് ധരിച്ചത്. മാസ്‌കിനെതിരെ അമേരിക്കയില്‍ മാത്രമല്ല, ബ്രിട്ടനിലും ജര്‍മനിയിലുമെല്ലാം പ്രതിഷേധം നടക്കുകയാണ്.രോഗവ്യാപനം രണ്ടാം തരംഗം ശക്തമാകുമ്പോഴും യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും മാസ്‌ക് ഉപയോഗിക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ല. മാസ്‌ക് മാത്രമല്ല, രോഗപ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങളൊന്നും അംഗീകരിക്കാത്ത വലിയ വിഭാഗം ജനങ്ങളാണുള്ളത്.സ്വേച്ഛാധിപത്യത്തിന്റെ പുതിയ മുഖമാണ് മാസ്‌ക് എന്നാണ് ബ്രിട്ടനിലെ പ്രതിഷേധക്കാര്‍ പറയുന്നത്. മാസ്‌ക് ഞങ്ങളെ അടിമകളാക്കുകയാണ്, സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്, മാസ്‌ക് മുഖമില്ലാതാക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ തെരുവില്‍ നിറയുന്നത്. അമേരിക്കയ്ക്ക് പിന്നാലെ ജൂലൈ അവസാനമാണ് ബ്രിട്ടനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.
കൊവിഡ് -19 വ്യാപനത്തിനിടെയാണ് അമേരിക്കയിലും ബ്രിട്ടനിലും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭം നടന്നത്. അതിനുശേഷം മാസ്‌കിനെതിരെയാണ് ബ്രിട്ടീഷ് ജനത തെരുവിലിറങ്ങുന്നത്. ആന്റി മാസ്‌ക് പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ശനിയാഴ്ച ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ഡൗണിങ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ റാലിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും മാസ്‌ക് ധരിച്ചിരുന്നില്ല.
'സ്വാതന്ത്യം വേണം' മഹാമാരിയുടെ പേരിലുള്ള നിയന്ത്രണം അവസാനിപ്പിച്ച് സ്വാതന്ത്ര്യം തിരിച്ചു തരണം എന്നാവശ്യപ്പെട്ടാണ് ജര്‍മനിയിലെ പ്രതിഷേധം.തലസ്ഥാനമായ ബെര്‍ലിനില്‍ ആയിരക്കണക്കിനാളുകളാണ് മാസ്‌ക് നിര്‍ബന്ധമാക്കിയതിനെതിരെയും കൊറോണ വൈറസ് പ്രതിരോധത്തിനെതിരെയും പ്രതിഷേധിച്ചത്.
വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂടം കൈകടത്തുന്നു എന്ന വികാരമാണ് പ്രതിഷേധക്കാര്‍ക്കുള്ളത്. എന്ത് ചെയ്യണമെന്ന് അധികാരി വര്‍ഗം തീരുമാനിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ മരണമാണെന്നും അടിമത്തമാണെന്നുമാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. സ്വന്തം ശരീരത്തില്‍ എന്ത് ധരിക്കണമെന്ന് ഭരണകൂടം നിര്‍ണയിക്കുന്നതിലുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന്റെ അടിസ്ഥാനം.