covid

വാഷിംഗ്ടൺ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരി അമേരിക്കയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയിൽ പിടിമുറുക്കുന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും മെക്സിക്കോയിലുമാണ് രോഗവ്യാപനം ഏറ്റവും തീവ്രമായി തുടരുന്നത്. ഏറ്റവും കൂടുതൽ രോഗബാധയും മരണവും റിപ്പോർട്ട് ചെയ്യുന്ന അമേരിക്കയിൽ തന്നെയാണ് പുതിയ കേസുകള‍ും കൂടുതലുള്ളത്. ലാറ്റിനമേരിക്കയിൽ മരണം രണ്ടുലക്ഷംകടന്നു.

അതേസമയം,​ ആഫ്രിക്കയിൽ കേസുകൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും ദരിദ്ര രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമാകുമ്പോൾ മരണസംഖ്യ അതിവേഗം കുതിച്ചുയരുമെന്നുള്ളതാണ് ആശങ്കയ്ക്ക് പ്രധാനകാരണം. ഏഷ്യയിൽ ഇന്ത്യയിലാണ് വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്.

ആഫ്രിക്കയിലാകെ 10 ലക്ഷത്തോളം പേരാണ് ഇതുവരെ കൊവിഡിന്റെ പിടിയിലായത്. ഇതിൽ പകുതിയും ദക്ഷിണാഫ്രിക്കയിലാണ്. ആഫ്രിക്കൻ വൻകരയിൽ 9,​34,​558 ലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19752 ലധികംപേർ മരിക്കുകയും ചെയ്‍തു. ദക്ഷിണാഫ്രിക്ക കഴിഞ്ഞാൽ നൈജീരിയയിലും ഘാനയിലും അൾജീരിയയിലുമാണ് രോഗബാധ രൂക്ഷമായിരിക്കുന്നത്. നൈജീരിയയിൽ 47,​000ലേറെ പേരാണ് രോഗബാധിതരായത്. ഘാനയിൽ 37,​000ലേറെ രോഗികളുണ്ട്. അൾജീരിയയിൽ രോഗികളുടെ എണ്ണം 30,​000 കടന്നു. മരണനിരക്കും ദക്ഷിണാഫ്രിക്കയിലാണ് കൂടുതൽ.

നിയന്ത്രണങ്ങൾ കടുപ്പിച്ച് ആസ്ട്രേലിയ

മെൽബണിൽ രാത്രി കർഫ്യൂ

ആസ്ട്രേലിയയിൽ വിക്ടോറിയ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 671ലേറെ പേർക്കാണ് വിക്ടോറിയയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ ഇരട്ടിയാണിത്. ഇതോടെ കൊവിഡ് വ്യാപനം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‍ത മെൽബണിൽ ആറാഴ്‍ചത്തേക്ക് രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഇന്നലെ തുടങ്ങിയ നിയന്ത്രണം സെപ്തംബർ പകുതിവരെ തുടരും. ദിവസവും രാത്രി എട്ട് മുതൽ അടുത്ത ദിവസം രാവിലെ അഞ്ച് വരെയായിരിക്കും കർഫ്യൂ.

മരണത്തിൽ ബ്രിട്ടനെ മറികടന്ന് മെക്സിക്കോ

ലോകത്ത് കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ച മൂന്നാമത്തെ രാജ്യമായി മെക്സിക്കോ. ബ്രിട്ടനെ മറികടന്നാണിത്. അമേരിക്കയും ബ്രസീലുമാണ് കൊവിഡ് മരണ സംഖ്യയിൽ മെക്സിക്കോയ്ക്ക് മുന്നിലുള്ളത്. നിലവിൽ 4,34,637 രോഗികളുള്ള മെക്സിക്കോയിൽ 47,688 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനേക്കാൾ ഉയർന്നതാണ് മെക്സിക്കോയിലെ യഥാർത്ഥ മരണസംഖ്യയെന്ന് പ്രാദേശിക ഭരണകൂടങ്ങൾ പറയുന്നു.

അതേസമയം,​ രാജ്യത്തെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും എത്രയും വേഗം അത് വീണ്ടെടുക്കണമെന്നുമാണ് മെക്സിക്കോ പ്രസിഡന്റ് ആൻഡ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പറയുന്നത്. ഇതിന്റെ ഭാഗമായി മേയ് മുതൽ രാജ്യത്ത് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ നീക്കി വരികയാണ്.

കൊവിഡ് മീറ്റർ

ആകെരോഗികൾ: 1.80 കോടി

മരണം: 6.89 ലക്ഷം രോഗമുക്തർ: 1.13 കോടി (രാജ്യം - രോഗികൾ - മരണം)​ അമേരിക്ക: 47.65 ലക്ഷം - 1.57 ലക്ഷം ബ്രസീൽ: 27.08 ലക്ഷം - 93,​616 ഇന്ത്യ: 17.57 ലക്ഷം - 37,​452 റഷ്യ: 8.50 ലക്ഷം - 14,​128 ദക്ഷിണാഫ്രിക്ക: 5.03 ലക്ഷം - 8153