വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും കാനഡയിലും നിരവധിപ്പേരെ ഒരേ സമയം ബാധിച്ച സാൽമൊണെല വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തി. അമേരിക്കയിലെ 31 സംസ്ഥാനങ്ങളിലായി 400ഓളം പേരിൽ സ്ഥിരീകരിച്ച വൈറസിന്റെ ഉറവിടം സവോളയാണെന്നാണ് ഫെഡറൽ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ബാക്ടീരിയ ബാധിച്ച ഉള്ളിയുടെ ഉറവിടം കാലിഫോർണിയ ആസ്ഥാനമായ ഒരു കമ്പനിയാണെന്നും എഫ്.ഡി.എ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ സവാളയെന്നും വലിയ ഉള്ളിയെന്നും അറിയപ്പെടുന്ന ചുവന്ന നിറമുള്ള സവോളയാണ് സാൽമൊണെല ബാധയ്ക്ക് കാരണമായതെന്ന് കണ്ടെത്തിയെങ്കിലും ഈ ഉള്ളിയുമായി സമ്പർക്കത്തിൽ വന്ന എല്ലാത്തരം ഉള്ളികളും തിരിച്ചെടുക്കാൻ എഫ്.ഡി.എ നിർദ്ദേശിച്ചിട്ടുണ്ട്. ചുവന്ന സവോളയിൽ നിന്ന് ബാക്ടീരിയകൾ മറ്റു ഉള്ളികളിലേയ്ക്കും പടർന്നിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ഗവേഷകർ. ജൂൺ 19 മുതൽ അമേരിക്കയിൽ മാത്രം ഇതുവരെ 396 പേരെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരിൽ 60 ശതമാനത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇതിനു സമാനമായ കേസുകൾ കാനഡയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സാൽമൊണെല ലക്ഷണങ്ങൾ
വയറിളക്കം, പനി, ആറു ദിവസം വരെ നീണ്ടു നിൽക്കുന്ന വയറുവേദന തുടങ്ങിയവ
അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലും 65 വയസിനു മുകളിൽ പ്രായമുള്ളവരിലും രോഗം ഗുരുതരമാകാനും ചില സാഹചര്യങ്ങളിൽ കുടലിൽ നിന്ന് ബാക്ടീരിയ ബാധ മറ്റ് അവയവങ്ങളെ ബാധിക്കാനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടി വരും. രോഗലക്ഷണങ്ങൾ ഉള്ളവരോട് വൈദ്യസഹായം തേടാനും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ഒരാഴ്ച മുൻപ് എന്താണ് കഴിച്ചതെന്ന് എഴുതി നൽകാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.