crew

നാസ:അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അമേരിക്കൻ ബഹിരാകാശ സഞ്ചാരികളായ ഡഗ് ഹർലി,​ ബോബ് ബെൻകൻ എന്നിവരുമായി സ്പേസ് എക്‌സ് കമ്പനിയുടെ ക്രൂഡ്രാഗൺ പേടകം ഭൂമിയിലേക്ക് മടക്ക യാത്ര ആരംഭിച്ചു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 5.02ന് പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടു. കാലാവസ്ഥ അനുകൂലമായാൽ ഇന്ത്യൻ സമയം പുലർച്ചെ 12. 18ന് പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ ഫ്ലോറിഡയുടെ തീരക്കടലിൽ ലാൻഡ് ചെയ്‌തിരിക്കും.

ഏകദേശം പത്തൊൻപത് മണിക്കൂറാണ് ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്രയ്‌ക്ക് വേണ്ടിവന്നത്. സാധാരണ 6 - 7 മണിക്കൂറുകൾ മതിയാകും. കാലാവസ്ഥാ മാറ്റങ്ങൾ പരിഗണിച്ച് ഭൂമിയെ ഭ്രമണം ചെയ്താണ് പേടകം ലാൻഡിംഗിന് തയ്യാറെടുത്തത്.

അറ്റ്‌ലാന്റിക് സമുദ്രത്തിൽ രൂപം കൊണ്ടിട്ടുള്ള ഈസായിസ് ചുഴലിക്കാറ്റിന്റെ ഗതി കണാക്കി അതിൽ നിന്ന് വളരെ അകലെയാണ് ലാൻഡ് ചെയ്യാനുള്ള സ്ഥലങ്ങൾ നിശ്ചയിച്ചത്. ഫ്ലോറിഡയുടെ കിഴക്കും പടിഞ്ഞാറും തീരക്കടലിലും മെക്സിക്കോ ഉൾക്കടലിലും ലാൻഡിംഗിന് സാദ്ധ്യതയുണ്ട്. പേടകത്തെ കടലിൽ നിന്ന് വീണ്ടെടുക്കാൻ ഇവിടങ്ങളിലെല്ലാം യു. എസ് നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.

കടലിൽ നിന്ന് വീണ്ടെടുക്കുന്ന പേടകത്തിൽ നിന്ന് നിശ്ചിത സമയത്തിന് ശേഷം പുറത്തിറങ്ങുന്ന സഞ്ചാരികളെ നാസയുടെ പ്രത്യേക കേന്ദ്രത്തിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും.

അമേരിക്കയുടെ ആദ്യ സ്വകാര്യ ബഹിരാകാശ മനുഷ്യ ദൗത്യമാണിത്. ഇതിൽ വിക്ഷേപണത്തിന് ഉപയോഗിച്ച ഫാൽക്കൺ റോക്കറ്റും മനുഷ്യ പേടകമായ ക്രൂ ഡ്രാഗണും വീണ്ടും ഉപയോഗിക്കാം. ഇതേ ക്രൂ ഡ്രാഗൺ വരുന്ന സെപ്റ്റംബറിൽ വീണ്ടും ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കും. ആ ദൗത്യത്തിലെ ഒരു സഞ്ചാരി ബോബ് ബെൻകന്റെ ഭാര്യ മേഗൻ മക് ആർതർ ആയിരിക്കും.

45 വർഷത്തിന് ശേഷമാണ് ഒരു ബഹിരാകാശ പേടകം കടലിൽ ലാൻഡ് ചെയ്യുന്നത്.

1975ൽ അമേരിക്കയുടെ അപ്പോളോ പേടകം സോവിയറ്റ് യൂണിയന്റെ സോയൂസ് പേടകത്തിൽ നിന്ന് വേർപെട്ട് പസിഫിക് സമുദ്രത്തിൽ ലാൻഡ് ചെയ്തിരുന്നു. പിന്നീടുള്ള ദൗത്യങ്ങളെല്ലാം റൺവേയിൽ ഇറങ്ങുന്ന സ്‌പേസ് ഷട്ടിലുകളായിരുന്നു.

ഭൂമിയിലേക്കുള്ള പ്രയാണം

@നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്ത ക്രൂഡ്രാഗൺ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് @പിന്നീട് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ഭ്രമണപഥം വിട്ടു

@സെക്കൻഡിൽ എഴര കിലോമീറ്ററുകൾ വേഗതയിൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു ( റീ എൻട്രി )​

@ ഘർഷണത്തിൽ പേടകത്തിന്റെ താപകവചം 2000 ഡിഗ്രി മുതൽ 7000 ഡിഗ്രി വരെ ചൂടാകും.

@ഭൂമിക്ക് 18,​000 അടി ഉയരത്തിൽ വച്ച് ആദ്യ സെറ്റ് പാരച്യൂട്ടുകൾ പ്രവർത്തിച്ച് ലാൻഡിംഗിന് ഒരുക്കം. അപ്പോൾ പേടകത്തിന്റെ വേഗത മണിക്കൂറിൽ 560 കിലോമീറ്റർ

@ 5,​500 അടി ഉയരത്തിൽ നാല് പ്രധാന പാരച്യൂട്ടുകൾ​ വിടരും.

@ഇവയിൽ തൂങ്ങി പേടകം സാവധാനം കടലിലേക്ക്

@ആറ് മിനിറ്റ് ബ്ലാക്കൗട്ട്

ഭൂമിയിലേക്കുള്ള പതനത്തിനിടെ കൊടും ചൂടിൽ വായു കണങ്ങൾ വിഘടിച്ചുണ്ടായ പ്ലാസ്മ പേടകത്തെ പൊതിഞ്ഞതിനാൽ ആറ് മിനുട്ടോളം റേഡിയോ ബ്ലാക്ക് ഔട്ട് ആയിരുന്നു. നാസയുമായുള്ള വാർത്താവിനിമയം മുടങ്ങിയിരുന്നു.