റോം : ലീഗിലെ അവസാന രണ്ട് മത്സരങ്ങളിലും തോൽവി പിണഞ്ഞതിന്റെ ജാള്യതയോടെ യുവന്റസ് തങ്ങളുടെ തുടർച്ചയായ ഒൻപതാം സെരി എ കിരീടം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം കാഗ്ളിയറിയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റതിന് പിന്നാലെ സീസണിലെ അവസാന സെരി എ മത്സരത്തിൽ എ.എസ് റോമയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസിന്റെ തോൽവി.
ഇതോടെ 38 മത്സരങ്ങളിൽ നിന്ന് 83 പോയിന്റുമായി യുവന്റസ് ഒൻപതാംപട്ടം ഉയർത്തുകയായിരുന്നു. ഒരാഴ്ച മുമ്പുതന്നെ കിരീടം ഉറപ്പിച്ചതിനാൽ അവസാനരണ്ട് തോൽവികൾ യുവെയുടെ കിരീടധാരണത്തെ ബാധിച്ചില്ലെങ്കിലും വരുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ക്ളബിന്റെ ആത്മവിശ്വാസത്തിന് തിരിച്ചടിയായിട്ടുണ്ട്.
സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പൗളോ ഡിബാലയും ഇല്ലാതെയാണ് യുവന്റസ് സ്വന്തം തട്ടകത്തിൽ റോമയെ നേരിടാനിറങ്ങിയത്. ഡിബാലയ്ക്ക് പരിക്കായതിനാൽ ഒഴിവാക്കിയപ്പോൾ ക്രിസ്റ്റ്യാനോയ്ക്ക് ചാമ്പ്യൻസ് ലീഗ് മുൻ നിറുത്തി വിശ്രമം നൽകുകയായിരുന്നു. അഞ്ചാം മിനിട്ടിൽ ബെർണാദേഷിയുടെ കോർണറിൽ നിന്ന് ഹിഗ്വെയ്ൻ യുവന്റസിനെ മുന്നിലെത്തിച്ചെങ്കിലും 23-ാം മിനിട്ടിൽ കാലിനിച്ച് കളി സമനിലയിലാക്കി.45-ാം മിനിട്ടിൽ റോമയെ മുന്നിലെത്തിച്ച നായകൻ ഡീഗോ പെറോട്ടി 52-ാം മിനിട്ടിൽ മൂന്നാം ഗോളും നേടി.
ഇൗ സീസണിലെ 38 മത്സരങ്ങളിൽ യുവന്റസിന്റെ ഏഴാമത്തെ തോൽവിയായിരുന്നു ഇത്. 26 കളികളിൽ വിജയിച്ച യുവന്റസ് അഞ്ചെണ്ണത്തിൽ സമനിലയും വഴങ്ങി.അവസാന എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് യുവയ്ക്ക് ജയിക്കാനായത്.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ അറ്റലാന്റയെ 2-0ത്തിന് തോൽപ്പിച്ച് ഇന്റർ മിലാൻ രണ്ടാം സ്ഥാനക്കാരായി. ഡി അംബ്രോസിയയും യുംഗുമാണ് സ്കോർ ചെയ്തത്. രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിച്ചിരുന്ന ലാസിയോ, അറ്റലാന്റ എന്നിവരെ മറികടന്നാണ് ഇന്റർ റണ്ണേഴ്സ് അപ്പായത്. 82 പോയിന്റാണ് ഇന്റർ നേടിയത്. 78 പോയിന്റുള്ള അറ്റലാന്റ മൂന്നാമതെത്തി. അവസാന മത്സരത്തിൽ നാപ്പോളിയോട് 3-1ന് തോറ്റ ലാസിയോ 78 പോയിന്റുമായി നാലാമതായി. യുവയ്ക്കെതിരായ വിജയം റോമയെ അഞ്ചാമതെത്തിച്ചു.
ഗോൾഡൻ ഷൂ ഇമ്മൊബൈലിന്
യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ഷൂ ഇറ്റാലിയൻ ക്ളബ് ലാസിയോയുടെ സിറോ ഇമ്മൊബൈൽ സ്വന്തമാക്കി. അവസാന മത്സരത്തിൽ നാപ്പോളിക്കെതിരെയും സ്കോർ ചെയ്ത ഇമ്മൊബൈൽ 36 ഗോളുകളാണ് ആകെ നേടിയത്. ബയേൺ മ്യൂണിക്കിന്റെ റോബർട്ടോ ലെവൻഡോവ്സ്കി 34 ഗോളുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. യുവന്റസിനായി 31 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാം സ്ഥാനത്തായി.