തിരുവനന്തപുരം: പാവം..ഇയാളും മനുഷ്യനാണ്.. കൊവിഡ് കാലത്ത് ഒരു പിടിച്ചോറിനായി യാചിക്കാൻ പോലും ഈ പാവം ആരേയും കണ്ടില്ല. കിഴക്കേക്കോട്ടയിൽ കലങ്ങിയ മനസും ഒട്ടിയ വയറുമായി നടക്കുന്നതിനിടയിലാണ് കണ്ടത്. മഴ പെയ്തു കുതിർന്നു കിടക്കുന്ന പൊതി. ആരോ വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടം. അത് ആവേശത്തോടെ അകത്താക്കുമ്പോഴാണ്. കാമറ ആദ്യം ക്ളിക്ക് ചെയ്തത്. പിന്നെ ഒന്നു കൂടി ഫോക്കസ് ചെയ്യുന്നതിനു മുമ്പ് തേടിയത് അയാൾക്ക് നല്ലൊരു പൊതി ചോറാണ്. അത് സംഘടിപ്പിച്ച് തിരിച്ചെത്തി.
പൊതിച്ചോറ് നൽകിയപ്പോൾ ആ മുഖത്ത് ആദ്യം കണ്ട നിർവികാരത തന്നെയാണ്. പക്ഷേ, പാഴ്സൽ വാങ്ങി. എണീറ്റ് വലതുകാലുകൊണ്ട് ചാടി നടന്നു പോയി. ഇടതുകാലിന്റെ പാതി എപ്പോഴോ നഷ്ടപ്പെട്ടതായിരിക്കണം. അങ്ങനെ പോകുന്ന ആ മനുഷ്യന്റെ ഒന്നു കൂടി എടുത്തു. ഫ്രെയിമിൽ നിന്നു മറഞ്ഞുകൊണ്ടിരുന്ന ആ മനുഷ്യനെ തെരുവിൽ ഉപേക്ഷിക്കാൻ തോന്നിയില്ല. വിവരം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി.ബിനുവിനെ അറിയിച്ചു. അദ്ദേഹം ആംബുലൻസുമായി എത്തി. ആയാളെ കയറ്റി. ആദ്യം കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. പിന്നീട് മാനസികാരോഗ്യാശുപത്രിയിലേക്കു മാറ്റി. ആംബുലൻസിലേക്കു കയറുംമുമ്പ് അയാൾ ഒരിക്കൽ കൂടി നോക്കി. കണ്ണുകളിൽ അതേ നിർവികാരത തന്നെ.
(ഫോട്ടോയും എഴുത്തും മനു മംഗലശ്ശേരി)