കാബൂൾ: അതിശക്തമായ മഴയെ തുടർന്ന് കിഴക്കൻ അഫ്‍ഗാനിസ്ഥാനിൽ മിന്നൽപ്രളയം. നൻഗർഹർ പ്രവിശ്യയിലെ ഗ്രാമപ്രദേശങ്ങൾ പ്രളയത്തിൽ മുങ്ങി. 15 കുട്ടികളും ഒരു സ്ത്രീയും മരിച്ചതായി പ്രവിശ്യാ ഭരണകൂടം അറിയിച്ചു. പ്രളയത്തിൽ നിരവധി വീടുകൾ തകർന്നു. മരിച്ച കുട്ടികൾ ഒന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ളവരാണെന്ന് നൻഗർഹർ ഗവർണർ നെയ്മത്തുള്ള നൂർസയ് അറിയിച്ചു. പ്രളയ ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. വീടുകൾ നഷ്ടമായവരെയും വീടുകളിൽ വെള്ളം കയറിയവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. നിരവധിയാളുകൾക്കാണ് വീട് വിട്ട് പോകേണ്ടി വന്നത്. അഫ്‍ഗാനിസ്ഥാനിൽ അതിശൈത്യവും മിന്നൽ പ്രളയവും ഓരോ വർഷവും നിരവധി ജീവനുകളാണ് എടുക്കുന്നത്.