ppe

ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ മാസ്‌കും സാനിട്ടൈസറും ശുചിയാക്കലും സാമൂഹിക അകലം പാലിക്കലും തുടങ്ങി ഫലപ്രദമായ പലവഴികളും തേടുമ്പോഴും രോഗത്തെ തീരെ വിലകുറച്ച് കാണുകയാണ് ഒരു വിഭാഗം. കൊവിഡ് ബാധിച്ച രോഗി തന്റെ പി.പി.ഇ സുരക്ഷാ കിറ്റ് ഉപയോഗ ശേഷം ഫ്ളാറ്റിൽ നിന്ന് താഴേക്ക് അലക്ഷ്യമായി വലിച്ചെറിയുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്. സംഗീത സംവിധായകൻ ശന്തനു മൊയ്‌ത്രയാണ് ഈ ദൃശ്യം പങ്കുവച്ചത്. ശന്തനു താമസിക്കുന്ന സൗത്ത് ഡൽഹിയിലെ സി.ആർ പാർക്ക് ഏരിയയിലാണ് സംഭവം. കൊവിഡ് ബാധിതനായ ആൾ താൻ ഉപയോഗിച്ച പി.പി.ഇ കിറ്റ് അലക്ഷ്യമായി താഴേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യത്തിലുള്ളത്. കുട്ടികളും വൃദ്ധരും അടക്കം നിരവധിപ്പേർ താമസിക്കുന്ന ഇടത്ത് ഇത്തരമൊരു പ്രവൃത്തി അപലപനീയമാണെന്നും അധികൃതർ എത്രയും പെട്ടന്ന് വേണ്ട നടപടി കൈക്കൊള്ളണമെന്നും ആപ് എം.എൽ.എ അതിഷല്ലി മർലേനയെ ടാഗ് ചെയ്തു നൽകിയ പോസ്റ്റിൽ ശന്തനു ആവശ്യപ്പെട്ടു. സാംക്രമിക രോഗ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായും രോഗമുക്തിക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഉത്തരവാദിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാജ്യമൊന്നാകെ മഹാമാരിക്കെതിരെ പോരാടുമ്പോൾ ഇത്തരം ഗൗരവതരമായ അലംഭാവങ്ങൾ രോഗത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുമെന്നുമൊക്കെയാണ് ശന്തനുവിന്റെ പോസ്റ്റിന് താഴെ വന്ന മറുപടിയിലേറെയും.