boiled-water

മോസ്‌കോ: തിളച്ച വെള്ളത്തിന് സാർസ് കോവ് 2 വൈറസിനെ പൂർണമായി നശിപ്പിക്കാനാകുമെന്ന കണ്ടെത്തലുമായി റഷ്യൻ ഗവേഷകർ. റഷ്യയിലെ സ്റ്റേറ്റ് റിസർച്ച് സെന്റർ ഒഫ് വൈറോളജി ആൻഡ് ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

അന്തരീക്ഷത്തിലെ സാധാരണ താപനിലയിലുള്ള ജലത്തിൽ കൊറോണ വൈറസ് നിർവീര്യമാകുന്നതായി ഗവേഷകർ കണ്ടെത്തി. 24 മണിക്കൂറിനുള്ളിൽ 90 ശതമാനവും, 72 മണിക്കൂറിനുള്ളിൽ 99.9 ശതമാനവും നശിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. തിളയ്ക്കുന്ന വെള്ളത്തിൽ കൊറോണ വൈറസ് തത്സമയം പൂർണമായി നശിക്കുന്നതായും കണ്ടെത്തി.

ക്ലോറിനേറ്റ് ചെയ്യാത്ത ജലത്തിലും കടൽവെള്ളത്തിലും വൈറസിന് വർദ്ധനവുണ്ടാകുന്നില്ലെന്നും വെള്ളത്തിന്റെ താപനിലയ്ക്കനുസരിച്ച് വൈറസിന്റെ ആയുസിന് വ്യത്യാസം ഉണ്ടാകുന്നതായും പഠന റിപ്പോർട്ടിൽ പറയുന്നു. ക്ലോറിനേറ്റ് ചെയ്ത ജലവും കൊറോണ വൈറസിനെ നശിപ്പിക്കുന്നു. ക്ലോറിൻ അടങ്ങിയ അണുനാശിനികൾക്ക് 30 സെക്കൻഡ് കൊണ്ട് വൈറസിനെ നശിപ്പിക്കാനാകും. 30 ശതമാനം ഗാഢതയുള്ള ഈഥൈൽ ഐസോ പ്രൊപ്പയിൽ ആൽക്കഹോൾ അര മിനിറ്റിൽ 10 ലക്ഷം വൈറസിനെ നശിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.