കൊച്ചി: കൊവിഡ് തകർത്ത സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ റിസർവ് ബാങ്ക് വീണ്ടും പലിശഭാരം കുറച്ചേക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയുടെ (എം.പി.സി) യോഗം ആഗസ്‌റ്ര് നാലുമുതൽ ആറുവരെ നടക്കും. ആറിന് ഉച്ചയോടെ ധനനയം പ്രഖ്യാപിക്കും. ബാങ്കുകൾ വായ്‌പാ പലിശനിരക്ക് നിർണയിക്കാൻ പ്രധാനമായും പരിഗണിക്കുന്ന റിപ്പോനിരക്ക് കാൽ ശതമാനമെങ്കിലും കുറച്ചേക്കുമെന്നാണ് പ്രതീക്ഷകൾ.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് മുതൽ പലിശ കുറയ്ക്കുന്നത് ഉൾപ്പെടെ റിസർവ് ബാങ്ക് ഒട്ടേറെ ഉത്തേജക നടപടികൾ പ്രഖ്യാപിച്ചിരുന്നു. ഈവർഷം ഇതുവരെ റിപ്പോ നിരക്കിലുണ്ടായ ഇളവ് 1.15 ശതമാനമാണ്. ജൂണിൽ നടക്കേണ്ട യോഗം, കൊവിഡ് പശ്ചാത്തലത്തിൽ മേയിൽ മുൻകൂറായി ചേരുകയും റിപ്പോനിരക്ക് 0.40 ശതമാനം കുറയ്ക്കുകയും ചെയ്‌തിരുന്നു.
മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ റിസർവ് ബാങ്ക് പ്രധാനമായും പരിഗണിക്കുന്ന ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജൂണിൽ 6.09 ശതമാനമാണ്. ഇത് നാലു ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. എന്നാൽ, രണ്ടു ശതമാനത്തിലേക്ക് താഴ്‌ന്നാലോ ആറു ശതമാനത്തിലേക്ക് ഉയർന്നാലോ ആശങ്കപ്പെടേണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ജൂണിൽ നാണയപ്പെരുപ്പം പരിധിവിട്ടെങ്കിലും ഭവന, വാഹന, വ്യക്തിഗത വായ്‌പാ ഇടപാടുകാർക്ക് ആശ്വാസമേകാനായി പലിശനിരക്ക് താഴ്‌ത്താൻ തന്നെയാണ് സാദ്ധ്യതയെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഉത്തേജക പദ്ധതികൾ
കൊവിഡ് പശ്‌ചാത്തലത്തിൽ, കേന്ദ്രസർക്കാരുമായി ചേർന്ന് ഒട്ടേറെ ഉത്തേജക പദ്ധതികൾ കഴിഞ്ഞ മാർച്ച് മുതൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ 20.97 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ പാക്കേജിൽ 8.01 ലക്ഷം കോടി രൂപയും റിസർവ് ബാങ്കിന്റെ പദ്ധതികളാണ്. ഇതിനു പുറമേയാണ് വായ്‌പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതും റിപ്പോനിരക്കിലുൾപ്പെടെ ഇളവ് അനുവദിച്ചതും.
നിരക്കുകൾ നിലവിൽ
റിപ്പോ നിരക്ക് : 4.00%
റിവേഴ്‌സ് റിപ്പോ : 3.35%
സി.ആർ.ആർ : 3.00%
എസ്.എൽ.ആർ : 18.00%
എം.എസ്.എഫ് : 4.25%
ജി.ഡി.പി എങ്ങോട്ട്?
ഇന്ത്യയുടെ ജി.ഡി.പി വളർച്ച നടപ്പുവർഷം (2020-21) നെഗറ്രീവിലേക്ക് ഇടിയുമെന്ന് കഴിഞ്ഞ യോഗത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. റിസർവ് ബാങ്കിന്റെ പുതിയ വിലയിരുത്തലുകൾക്കായാകും ആറിന് നിക്ഷേപക-സാമ്പത്തികലോകം പ്രധാനമായും കാതോർക്കുക.
മോറട്ടോറിയം നീട്ടുമോ?
മാർച്ച് മുതൽ ആഗസ്‌റ്ര് വരെയുള്ള വായ്‌പാ തിരിച്ചടവുകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം നീട്ടുമോയെന്ന് കണ്ടറിയണം. മോറട്ടോറിയം കാലത്തെ പലിശ കുറയ്ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
എം.പി.സിയോട് വിട
പറയാൻ 4 പേർ
ആറംഗ ധനനയ നിർണയ സമിതിയിലെ (എം.പി.സി) നാലു പേരുടെ അവസാന യോഗമാണ് ഈവാരം ചേരുന്നത്. റിസർവ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജനക് രാജ് ജൂണിൽ വിരമിച്ചു. സ്വതന്ത്ര അംഗങ്ങളായ ഡോ. ഛേതൻ ഖാട്ടെ, രവീന്ദ്ര ധൊലാക്കിയ, പാമി ദുവ എന്നിവരുടെ കാലാവധി സെപ്‌തംബർ 30ന് തീരും. ഇവർക്ക് പുനർനിയമനം നൽകേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. പുതിയ നാലംഗങ്ങളെ കണ്ടെത്താൻ കേന്ദ്ര സാമ്പത്തികാര്യ സെക്രട്ടറി തരുൺ ബജാജ് അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്.