സതാംപ്ടൺ : അയർലൻഡിനെതിരായ രണ്ടാം മത്സരത്തിലും വിജയം നേടി മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ഇംഗ്ളണ്ട് 2-0ത്തിന് മുന്നിലെത്തി. ഇതേ വേദിയിൽ നടന്ന ആദ്യ ഏകദിനത്തിൽ ആറ് വിക്കറ്റിന് വിജയിച്ചിരുന്ന ഇംഗ്ളണ്ട് രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിനാണ് വിജയം ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തപ്പോൾ ഇംഗ്ളണ്ട് 32.3 ഒാവറിൽ ആറ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 41 പന്തുകളിൽ 82 റൺസ് നേടിയ ഇംഗ്ളീഷ് ഒാപ്പണർ ജോണി ബെയർ സ്റ്റോയാണ് മാൻ ഒഫ് ദ മാച്ച്.അവസാന ഏകദിനം നാളെ ഇതേ വേദിയിൽ നടക്കും.
അയർലൻഡ് 212/9
ടോസ് നേടിയ അയർലൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.എന്നാൽ അവർക്ക് നല്ല തുടക്കം നേടാനായില്ല. ഗാരേത്ത് ഡെലനി(0), പോൾ സ്റ്റെർലിംഗ് (12),ക്യാപ്ടൻ ബാൽബേണി(15),കെവിൻ ഒബ്രിയാൻ (3),ഹാരി ടെക്ടർ(28), ലോർക്കൻ ടക്കർ (21) എന്നിവർ പുറത്തായതോടെ 91/6 എന്ന നിലയിലായിരുന്നു ആതിഥേയർ. തുടർന്ന് കുർട്ടിസ് കാംഫർ(68),സിമി സിംഗ്(25),മക്ബ്രീൻ (24) എന്നിവർ നടത്തിയ പോരാട്ടമാണ് 212 ലെത്തിച്ചത്.
ഇംഗ്ളണ്ടിനായി ആദിൽ റഷീദ് 34 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വില്ലെയ് സാക്കിബ് മഹമൂദ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ഇംഗ്ളണ്ട് 216/6
ഇന്നിംഗ്സിന്റെ മൂന്നാം പന്തിൽ തന്നെ ഒാപ്പണർ ജാസൺ റോയിയെ നഷ്ടമായെങ്കിലും സഹ ഒാപ്പണർ ബെയർസ്റ്റോ നടത്തിയ വെടിക്കെട്ട് കളി ഇംഗ്ളണ്ടിന് അനുകൂലമാക്കി. 14 ബൗണ്ടറികളും രണ്ട് സിക്സുകളും പറത്തി 200 സ്ട്രൈക്ക് റേറ്റിൽ 82 റൺസടിച്ചുകൂട്ടിയ ബെയർസ്റ്റോ 16 ഒാവറിൽ 134/6ൽ എത്തിച്ച ശേഷമാണ് പുറത്തായത്. ഇതിനിടയിൽ വിൻസും(15), ടോം ബാന്റണും (16) കൂടാരം കയറിയിരുന്നു.ബെയർസ്റ്റോയ്ക്ക് പിന്നാലെ നായകൻ ഇയോൻ മോർഗനും (0),മൊയീൻ അലിയും (0) ഒരേ ഒാവറിൽ പുറത്തായതോടെ ഇംഗ്ളണ്ട് 137/6 എന്ന നിലയിലായെങ്കിലും ഏഴാം വിക്കറ്റിൽ ഒരുമിച്ച സാം ബില്ലിിംഗ്സും (46*) ഡേവിഡ് വില്ലെയും(47*) ചേർന്ന് പുറത്താകാതെ നേടിയ 79 റൺസ് വിജയത്തിലെത്തിച്ചു.