ന്യൂഡല്‍ഹി:കുട്ടികള്‍ക്ക് ക്ഷയരോഗത്തിനെതിരെ നല്‍കുന്ന ബി.സി.ജി വാക്‌സിന്‍ കൊവിഡ് ബാധയും മരണനിരക്കും പിടിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തല്‍. കൊവിഡ്-19നെതിരെ ഫലപ്രദമായ വാക്‌സിന്‍ ലോകമെമ്പാടും ലഭ്യമാകാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കേയാണ് കണ്ടെത്തല്‍. ബി.സി.ജി വാക്‌സിന്‍ നിര്‍ബന്ധിതമാക്കിയ രാജ്യങ്ങളില്‍ കൊവിഡ് മരണനിരക്ക് വളരെ കുറവാണെന്നും പഠനത്തില്‍ പറയുന്നു.
ഒരു യു.എസ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബി.സി.ജി വാക്‌സിന്‍ കൊവിഡ് പ്രതിരോധത്തിന് ഗുണം ചെയ്യുമെന്ന പരാമര്‍ശമുള്ളത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പേ യു.എസ് സര്‍ക്കാര്‍ ബി.സി.ജി വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍ അമേരിക്കയില്‍ ഇത്രയും ഉയര്‍ന്ന കൊവിഡ് മരണനിരക്ക് ഉണ്ടാകുമായിരുന്നില്ലെന്നും പഠനത്തില്‍ പറയുന്നുണ്ട്. കൊവിഡ്-19 പ്രതിരോധത്തില്‍ ബി.സി.ജി വാക്‌സിനേഷന്‍ സഹായകമാണെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ക്ഷയരോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ ജനനസമയത്തു തന്നെയാണ് കുട്ടികള്‍ക്ക് ബി.സി.ജി കുത്തിവെയ്പ്പ് എടുക്കുന്നത്.
ക്ഷയരോഗ പ്രതിരോധത്തിനായി വികസിപ്പിച്ച ബി.സി.ജി വാക്‌സിന്‍ മറ്റു പല രോഗങ്ങളും ചെറുക്കാന്‍ സഹായകമാണെന്ന് പില്‍ക്കാലത്ത് കണ്ടെത്തിയിരുന്നു. ഇതേ വാക്‌സിന്‍ തന്നെ കൊവിഡിനെതിരെയും ഫലപ്രദമായേക്കാമെന്നാണ് കണ്ടെത്തല്‍.എന്നാല്‍ കൊവിഡിനെതിരെ ബി.സി.ജി വാക്‌സിന്‍ ഒരു മാജിക് ബുള്ളറ്റല്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. നിലവില്‍ കൊവിഡ്-19 വൈറസിനെതിരെ നൂറിലധികം വാക്‌സിനുകളാണ് പരീക്ഷണഘട്ടത്തിലുള്ളത്. യു.കെയിലും യു.എസിലും ചൈനയിലും വികസിപ്പിച്ച വാക്‌സിനുകള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്.