മുംബയ്: കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു. മകൻ അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
'ഒടുവിൽ നടന്ന പരിശോധനയിൽ അച്ഛന് കൊവിഡ് നെഗറ്റീവായി. അദ്ദേഹം ആശുപത്രി വിട്ടു. ഇനിയുള്ള ദിവസം വീട്ടിൽ വിശ്രമിക്കും.'- അഭിഷേക് ട്വിറ്ററിൽ കുറിച്ചു. ഡിസ്ചാർജായ വിവരം അമിതാഭ് ബച്ചനും പങ്കുവച്ചു. ജൂലായ് 12നാണ് അമിതാഭ് ബച്ചനെ കൊവിഡ് ബാധിച്ച് മുംബയിലെ നാനാവതി ആശുപത്രിയിലാക്കിയത്. പിന്നാലെ അഭിഷേകിനെയും രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞ് അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യാ റായിയും മകൾ എട്ടു വയസുകാരി ആരാധ്യയും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ഇരുവരും ഒരാഴ്ച മുമ്പാണ് ആശുപത്രി വിട്ടത്. അഭിഷേക് ബച്ചന്റെ പരിശോധനാ ഫലം വീണ്ടും പോസിറ്റീവായതിനാൽ മുംബയിലെ ആശുപത്രിയിൽ തന്നെ തുടരും.