poisonous-liquor

ചണ്ഡിഗഡ്: പഞ്ചാബിലെ ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും വ്യാജമദ്യകേന്ദ്രങ്ങളിൽ വ്യാപകപൊലീസ് റെയ്ഡ്. നിരവധി കേന്ദ്രങ്ങൾ പൂട്ടിക്കുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയുംചെയ്തു. കഴിഞ്ഞദിവസം സംസ്ഥാനത്തുണ്ടായ വ്യാജമദ്യദുരന്തത്തെ തുടർന്നാണ് നടപടി. അതേസമയം,​ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 98 ആയി. ഇന്നലെമാത്രം 30ലധികം സ്ഥലങ്ങളിൽറെയ്ഡ് നടത്തിയതായും ആറോളംപേരെ അറസ്റ്റ് ചെയ്തതായും തരൺതരൺ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ധ്രുമൻ അറിയിച്ചു. വിഷമദ്യദുരന്തത്തെത്തുടർന്ന് സംസ്ഥാനത്തെ വിവിധജില്ലകളിലായി ഇതുവരെ 100ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും 25ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. നൂറുകണക്കിന് ലിറ്റർ അനധികൃത മദ്യം വിവിധയിടങ്ങളിൽനിന്നായി പിടിച്ചെടുത്തു. പെയിന്റ്, ഹാർഡ്‌വെയർ നിർമ്മാണ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ലായനിയാണ് പിടിച്ചെടുത്തതെന്നാണ് വിവരം.