ന്യൂഡൽഹി: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ജൂലായ് 29ന് ചേർന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുത്തിരുന്നു. ശരീര ഊഷ്മാവ് പരിശോധിക്കൽ, ആരോഗ്യസേതു ആപ്പ് പരിശോധന, സാമൂഹിക അകലം തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മന്ത്രിസഭായോഗം ചേർന്നതെന്നും പ്രധാനമന്ത്രി ക്വാറന്റൈനിൽ പോകേണ്ടതില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആഗസ്റ്റ് 5ന് അയോദ്ധ്യയിൽ രാമക്ഷേത്രഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കാനിരിക്കെയാണ് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി മോദി, മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, രമേഷ് പൊഖ്രിയാൽ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി അമിത് ഷായ്ക്ക് സമ്പർക്കമുണ്ടായതായി റിപ്പോർട്ടുണ്ട്. അൺലോക്ക് മൂന്നുമായി ബന്ധപ്പെട്ട് ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗങ്ങളും അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്നിരുന്നു. ദിവസവും രാവിലെയും ഉച്ചയ്ക്കും അമിത് ഷാ ഉദ്യോഗസ്ഥരുമായും തന്റെ സ്റ്റാഫുമായും കൂടിക്കാഴ്ച നടത്താറുണ്ട്. അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന ആഭ്യന്തരസഹമന്ത്രിമാരായ ജി.കിഷൻ റെഡ്ഢി, നിത്യാനന്ദ് റായ് , ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ഉദ്യോഗസ്ഥർ തുടങ്ങിയവരോട് ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചതായി അറിയുന്നു. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു.