phone

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യയിൽ പ്രീമീയം സ്മാർട്ഫോണുകളുടെ വില്പന 32 ശതമാനം ഇടിഞ്ഞെന്ന് ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. 30,000 രൂപയ്ക്കുമേൽ വിലയുള്ളവയെയാണ് പ്രീമിയം ശ്രേണിയിൽ പരിഗണിക്കുന്നത്. ഇന്ത്യയുടെ മൊത്തം സ്മാർട്‌ഫോൺ വിപണിയിൽ നാലു ശതമാനമാണ് ഈ ശ്രേണിയുടെ വിഹിതം.

കൊവിഡും കർശനമായ ലോക്ക്ഡൗണും മൂലം ഏപ്രിലിൽ ഒരു പ്രീമിയം ഫോൺ പോലും വിറ്റഴിഞ്ഞില്ല. എന്നാൽ, ആപ്പിൾ ഐഫോൺ ശ്രേണിയിൽ കുറഞ്ഞവിലയുടെ മോഡലുകൾ അവതരിപ്പിച്ചതും വൺപ്ളസ് 8 സീരീസിൽ 5ജി ഫോണുകൾ എത്തിയതും ലോക്ക്ഡൗണിൽ ഇളവുകൾ വന്നതും മേയിലും ജൂണിലും വില്പനയ്ക്ക് ഉണർവേകി. ഏപ്രിൽ-ജൂൺപാദത്തിൽ ആകെ പത്തുലക്ഷത്തോളം പ്രീമിയം ഫോണുകൾ വിറ്റഴിഞ്ഞു.

മികച്ച ലാഭം കിട്ടുമെന്നതിനാൽ, വിതരണക്കാർ അൾട്ര പ്രീമിയം ഫോണുകളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നതും കഴിഞ്ഞപാദത്തിൽ ദൃശ്യമായി. 5ജി സൗകര്യമുള്ള ഈ ശ്രേണിയിൽ ആപ്പിളും സാംസംഗും പുതിയ മോഡലുകൾ ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. 29 ശതമാനം വിഹിതവുമായി വൺ പ്ളസ് ആണ് ഇന്ത്യയിൽ പ്രീമിയം സ്മാർട്ഫോൺ ശ്രേണിയിൽ ഒന്നാമതുള്ളത്.