മുംബയ് : ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ സ്ഥാനത്തുനിന്ന് ചൈനീസ് മൊബൈൽ കമ്പനിയായ വിവോയെ മാറ്റേണ്ടതില്ല എന്ന് തീരുമാനിച്ച് ബി.സി.സി.ഐ യോഗം. ഇന്നലെ ഐ.പി.എൽ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ നടത്തിയ ഒാൺലൈൻ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.
അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെത്തുടർന്ന് ഐ.പി.എല്ലിൽ നിന്ന് ചൈനീസ് കമ്പനികളുടെ സ്പോൺസർഷിപ്പ് ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ചൈനീസ് കമ്പനികൾ ടൂർണമെന്റിന് പണം മുടക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് നല്ലതാണ് എന്ന നിലപാടാണ് ബി.സി.സി.ഐ തുടക്കം മുതലേ സ്വീകരിച്ചുവന്നത്. ഇൗ സീസൺ ഐ.പി.എല്ലിൽ ചൈനീസ് കമ്പനികൾ ഉൾപ്പടെ പഴയ സ്പോൺസർമാരെല്ലാം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
യു.എ.ഇയിൽ സെപ്തംബർ 19ന് തുടങ്ങി നവംബർ പത്തിന് അവസാനിക്കുന്ന രീതിയിലുള്ള ഷെഡ്യൂൾ യോഗത്തിൽ അംഗീകരിച്ചതായി അറിയുന്നു. നേരത്തേ നവംബർഎട്ടിനായിരുന്നു ഫൈനൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ന് ടി വി സംപ്രേഷണാവകാശംനേടിയ സ്റ്റാർ ഗ്രൂപ്പിന്റെ ആവശ്യപ്രകാരം രണ്ട് ദിവസം കൂടി നീട്ടുകയായിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ ടൂർണമെന്റിന്റെ സുരക്ഷാച്ചട്ടങ്ങളുടെ പ്രാഥമിക രൂപം യോഗത്തിൽ അവതരിപ്പിച്ചു. കൂടുതൽ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇത് വിപുലീകരിക്കും. ഒാരോ ഫ്രാഞ്ചൈസിക്കും യു.എ.ഇയിലേക്ക് കൊണ്ടുപോകാവുന്ന കളിക്കാരുടെ എണ്ണം 24 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കളിക്കാർക്ക് കൊവിഡ് ബാധിച്ചാൽ പകരക്കാരെ കൊണ്ടുവരാം.
വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഐ.പി.എൽ ടൂർണമെന്റ് നടത്തുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്ന് യോഗത്തിന് മുമ്പ് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ഇൗ സീസണിൽ എങ്ങനെ അത് നടത്താനാകും എന്ന കാര്യം ചർച്ചചെയ്യുമെന്ന് പറഞ്ഞ ഗാംഗുലി വിശദാംശങ്ങളിലേക്ക് കടന്നില്ല. അതേസമയം കഴിഞ്ഞ സീസണിലേതുപോലെ വനിതകളുടെ രണ്ടോ മൂന്നോ ടീമുകൾ രൂപീകരിച്ച് ഐ.പി.എല്ലിനിടയിൽ ചലഞ്ചർ ട്രോഫി മാതൃകയിലുള്ള ടൂർണമെന്റാകും നടത്തുകയെന്ന് മറ്റൊരു ബി.സി.സി.ഐ ഭാരവാഹി പറഞ്ഞു. ഇന്ത്യൻ വനിതാതാരങ്ങളായ മിഥാലി രാജ്, ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന തുടങ്ങിയവർ ബി.സി.സി.ഐ വാഗ്ദാനം സ്വാഗതം ചെയ്തു.