സോഷ്യൽ മീഡിയ വഴി നിരവധി പേർ ഏറെ സങ്കടത്തോടെ പങ്കുവച്ച കുറിപ്പും ചിത്രവും വ്യാജമെന്ന് വ്യക്തമാക്കി യുണൈറ്റഡ് നഴ്സസ് അസോസിയനും ഐ.എം.എ വൈസ് പ്രസിഡന്റ് ഡോക്ടർ സുൾഫി നൂഹുവും രംഗത്ത്. കൊവിഡ് രോഗം ബാധിച്ച് ഡോക്ടറായ ഐഷ മരണപ്പെട്ടുവെന്നു പറഞ്ഞുകൊണ്ട് ചിലർ, അവർ 'അവസാന സമയത്ത് കുറിച്ച വാക്കുകൾ' സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു.
ഇതോടെ ഈ സംഭവം വൈറലായി മാറുകയും വ്യാജ പോസ്റ്റ് ഏറ്റെടുത്തുകൊണ്ട് ഡോക്ടർമാർ ഉൾപ്പെടെ നിരവധി പേർ മുന്നോട്ട് വരികയും ചെയ്തിരുന്നു. എന്നാൽ 2017ലെ ഈ ചിത്രം ആശുപത്രി കിടക്കയിൽ നിന്നും എടുത്തതല്ലെന്നും 'സാവിന' എന്ന് പേരുള്ള ദന്താശുപത്രിയുടെ വെബ്‌സൈറ്റിൽ നിന്നുമുള്ള ചിത്രമാണെന്നും യുണൈറ്റഡ് നഴ്സസ് അസോസിയൻ വ്യക്തമാക്കുന്നു.
താൻ ഈ ചിത്രം വേണ്ടവിധം പരിശോധിക്കാതെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചതെന്നും അതിൽ ഖേദമുണ്ടെന്നും ചിത്രത്തിലുള്ള വ്യക്തിയോട് താൻ മാപ്പ് ചോദിക്കുന്നുവെന്നും ഡോക്ടർ സുൾഫി നൂഹുവും ഫേസ്ബുക്ക് വഴി വിശദീകരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റുകൾ ചുവടെ.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ:
'Fake News ...
ഇന്ന് ഏറ്റവും കൂടുതൽ കണ്ടത് ഡോക്ടർ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്?ഏത് ആശുപത്രിയിൽ മരിച്ചു?എന്ന ചോദ്യങ്ങളൊക്കെ നിലനിൽക്കെ തന്നെയാണ് ഈ വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
ആരോ ഒരാൾ ഐഷ എന്ന പേരിൽ ക്രിയേറ്റ് ചെയ്ത ട്വിറ്റർ ഐഡിയിൽ നിന്നും തന്റെ അന്ത്യ നിമിഷം എന്ന പേരിൽ കുറിച്ച എഴുത്താണ് ഇപ്പോൾ വയറലായി ഓടുന്നത്.
ട്വിറ്റർ അക്കൗണ്ട് തിരഞ്ഞു പോയപ്പോൾ എക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയിൽ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റൽ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണ്. ഉറവിടമില്ലാത്ത ഇല്ലാത്ത ഇത്തരം വാർത്തകൾക്ക് എത്ര പെട്ടന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം കിട്ടുന്നത് എന്നാണ് ചിന്തിക്കുന്നത്. ഇത്രയും ബലഹീനരാണോ മനുഷ്യർ.'
സുൾഫി നൂഹു:
'ഒരു തെറ്റ്
===========
തെറ്റായ ഒരു ഫോർവേഡ് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്യുകയുണ്ടായി.
ഡോ:ഐഷ, കോവിഡ് ചികിത്സയ്ക്കിടയിൽ മരണപ്പെട്ടുവെന്ന വാർത്ത വ്യാജമാണെന്ന് പിന്നീടാണ് മനസ്സിലായത്.തെറ്റായ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഏതോ ഒരു വിരുതൻ പടച്ചുവിട്ട വാർത്തയാണെന്ന് പിന്നീട് മനസിലായി.
അതിൽ ആദ്യം തന്നെ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.
അതോടൊപ്പം പറഞ്ഞു വയ്ക്കേണ്ട ചില കാര്യങ്ങൾ കൂടി.
ഭാരതത്തിൽ ഇന്നുവരെ കോവിഡ് ചികിത്സയ്ക്കിടയിൽ നഷ്ടപ്പെട്ടത് 175 ഡോക്ടർമാരുടെ ജീവനുകളാണ്
അതിനാൽ തന്നെ ഐ എം എ യുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ മരിച്ച ഡോക്ടർ മാരുടെ ഫോട്ടോയും ഫോർവേഡ്കളും എല്ലാദിവസവും വരാറുണ്ട്.
അതിനിടയിൽ വന്നു പോയ ഒരു ഫോർവേഡിൽ നിഷ്കളങ്കമായ ചിരിയും അവസാനം രേഖപ്പെടുത്തിയെന്ന് പറഞ്ഞ ട്വിറ്റെർ പോസ്റ്റുമാണെന്നെ കുഴപ്പത്തിലാക്കിയത്.
അതിനെ തർജ്ജിമ ചെയ്തു ഞാൻ എഫിലേക്ക് പോസ്റ്റ് ചെയ്തു.
നിത്യവും റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളിൽ അല്പം വ്യത്യസ്തമായതെന്നെനിക്ക് തോന്നിയത് എന്നെ തെറ്റി ധരിപ്പിച്ചു.
ഈ പോസ്റ്റ് ധാരാളം പ്രമുഖർ ട്വിറ്ററിലും ഫേസ്ബുക്കിലും ഷെയർ ചെയ്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
അതും എന്നെ സ്വാധീനിച്ചുവെന്നു പറയാതെ വയ്യ.
അതിന് ന്യായീകരണമില്ല.
സാധാരണ ഇത്തരം ഫോർവേഡുകൾ നൂറുവട്ടം ചെക് ചെയ്താണ് ഷെയർ ചെയ്യുക.
ഇത്തവണ തെറ്റി.
നാഷണൽ സെക്രട്ടറി ജനറലുമായി കാര്യം അന്വേഷിച്ചപ്പോൾ തെറ്റ് മനസ്സിലായി.
അത് പരിപൂർണ്ണമായി ഉൾക്കൊള്ളുന്നു .
എന്നാലും ഈ കണക്കുകൾ ഒന്നുകൂടി നോക്കുന്നതിൽ തെറ്റില്ല
മൊത്തം 1576 ഡോക്ടർമാർക്ക് കോവിട് ബാധിച്ചു
747 പേര് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടർമാർ 629
ഹൗസ്സർജൻസ് 190
175 മരണങ്ങൾ.
175 മരങ്ങൾക്കിടയിലാണെങ്കിൽ പോലും ഫോർവേഡ് ചെയ്ത പോസ്റ്റിലെ തെറ്റ് ഉൾക്കൊള്ളുന്നു.
ഈ ഫോട്ടോയിലെ വ്യക്തിയോട് ഒരായിരം വട്ടം മാപ്പ്
പഴയതുപോലെ വീണ്ടും ഒരു നൂറു വട്ടം ആലോചിച്ചു മാത്രം ഇനി ഫോർവേഡുകൾ .
നല്ല നമസ്കാരം.
ഡോ സുൽഫി നൂഹു.'