തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം. കേസിലെ കുറ്റപത്രം സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ വിചാരണ പൂർത്തിയാക്കിയിട്ടില്ല.2019 ആഗസ്റ്റ് മൂന്ന് പുലർച്ചെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും, സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീർ മരിക്കുന്നത്.
സിറാജ് ഓഫീസിൽ നിന്ന് വികാസ് ഭവനിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോൾ ഒരു ഫോൺ വന്നതിനെത്തുടർന്ന് റോഡരികിൽ ബൈക്ക് നിറുത്തി സംസാരിക്കുകയായിരുന്ന ബഷീറിനെ, അമിത വേഗതയിൽ വന്ന ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചതെന്നും, കാർ അമിത വേഗത്തിലായിരുന്നെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു.വണ്ടിയോടിച്ചത് വഫയാണെന്നായിരുന്നു ശ്രീറാമിന്റെ വാദം. അത് വഫ നിഷേധിക്കുകയും ചെയ്തു. ഇരുവർക്കെതിരെ കേസെടുക്കുകയും, ശ്രീറാമിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കേസിലെ ഒന്നാംപ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ മാർച്ചിൽ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു.