prithviraj

കൊച്ചി: നാണയം വിഴുങ്ങിയതിനെ തുടർന്ന് മരിച്ച മൂന്ന് വയസുകാരന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കുട്ടിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തത കിട്ടും. ഇതിന് ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണമുണ്ട്.

ആലുവ കടുങ്ങല്ലൂർ സ്വദേശികളായ നന്ദിനി - രാജു ദമ്പതികളുടെ മകനായ പൃഥ്വിരാജ് ഇന്നലെയാണ് മരിച്ചത്.ഞായറാഴ്ചയാണ് കുഞ്ഞ് നാണയം വിഴുങ്ങിയത്. അവശനിലയിലായ കുഞ്ഞുമായി സർക്കാർ ആശുപത്രികൾ കയറി ഇറങ്ങിയെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.കുഞ്ഞിനെ ആദ്യം ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു.

വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ സംഭവത്തെ ഗൗരവത്തോടെ കാണാതെ കുഞ്ഞിനെ വീട്ടിലെത്തിച്ച് ചോറും പഴവും നൽകാനാണ് ആവശ്യപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വന്നതിനാൽ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് മെഡിക്കൽകോളേജിൽ നിന്ന് പറഞ്ഞുവെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. വീട്ടിലെത്തിച്ച കുഞ്ഞിന്റെ നില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.