പത്തനംതിട്ട: ചിറ്റാർ കുടപ്പന സ്വദേശി മത്തായി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കുരുക്ക് മുറുകുന്നു. ആരോപണവിധേയരായ ആറു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇവരുടെ കൂടെയുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
മത്തായിയുമായി തെളിവെടുപ്പ് നടത്തിയ ഉദ്യോഗസ്ഥർ, വടശേരിക്കര റേഞ്ച് ഓഫീസർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് നിയമപരമായി പാലിക്കേണ്ട ഉത്തരവാദിത്വം നിർവഹിച്ചില്ലെന്ന് കണ്ടെത്തി. റിപ്പോർട്ട് ചീഫ് കൺസർവേറ്റർ ഫോറസ്റ്റർക്ക് ഉടൻ സമർപ്പിക്കും.
മത്തായി നിരീക്ഷണ ക്യാമറ നശിപ്പിക്കുന്നത് കണ്ടെന്ന് അരുൺ വനം വകുപ്പിനോട് പറഞ്ഞ അരുണിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അരുണിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. മത്തായിയുടെ മരണത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വൻ വീഴ്ചയുണ്ടായതായിട്ടാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ റേഞ്ച് ഒാഫീസർ ഉൾപ്പെടെ ഏഴുപേരെ സ്ഥലം മാറ്റിയിരുന്നു. സസ്പെഷൻ ഉൾപ്പെടെ കൂടുതൽ നടപടിയുണ്ടായേക്കും.