തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി 30 കിലോ സ്വർണം കടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് പല മേഖലകളിലും ഇടനിലക്കാരിയായി നിന്ന് സമ്പാദിച്ചത് കോടികൾ. യു.എ.ഇയിൽ നിന്നുള്ള പ്രളയ ദുരിതാശ്വാസ സഹായത്തിലും വെട്ടിപ്പ് നടത്തി എന്ന വിവരമാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നത്. പല മേഖലകളിലും ഇടനിലക്കാരിയായി നിന്ന് സമ്പാദിച്ച കോടികൾ എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ടെന്ന കാര്യത്തിൽ പക്ഷേ, ഇതുവരെ വ്യക്തത വന്നിട്ടില്ല. അന്വേഷണ ഏജൻസികൾക്ക് മുമ്പാതെ പൂർണമായും ഇക്കാര്യവും സ്വപ്ന വെളിപ്പെടുത്തിയിട്ടുമില്ലത്രേ. ഈ വഴിക്കുള്ള അന്വേഷണം നടക്കുന്നതിനാൽ ഇവർ സമ്പാദിച്ച കോടിക്കണക്ക് വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
വെറും പ്ളസ് ടു വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന സ്വപ്‌ന, തട്ടിപ്പിൽ ബിരുദാനന്തര ബിരുദധാരിയെ പോലെയാണ് പ്രവർത്തിച്ചിരുന്നത്. ഓരോ തട്ടിപ്പ് നടത്തിയതും തികച്ചും ആസൂത്രിതമായാണ്. കോടികൾ കൈയിൽ വന്നതോടെ മേഖലകൾ മാറിമാറി പരീക്ഷിച്ചുകൊണ്ടിരുന്നു. ഓരോന്നും വിജയമായതോടെ കോടികൾ പിന്നാലെ പോന്നു.
ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകൾ കൊണ്ട് സ്വപ്ന നേടിയത് അത്ഭുതകരമായ വളർച്ചയായിരുന്നു. അറബിക് അടക്കം വിവിധ ഭാഷകൾ അനായാസം സ്വപ്‌ന സംസാരിക്കുമായിരുന്നു. ഇതിനിടെ തലസ്ഥാനത്തെ ചില വൻതോക്കുകളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ ഗൾഫിലേക്ക് പോയ സ്വപ്‌ന പിന്നീട് മടങ്ങിയെത്തി എയർ ട്രാവൽസിൽ ജീവനക്കാരിയായി. രണ്ടുവർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013ലാണ് എയർഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡിംലിഗ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ പ്രവേശിപ്പിച്ചത്. അവിടെ ജീവനക്കാരനു നേരെ ലൈംഗികാരോപണ പരാതി വരെ നൽകി. പിന്നീട് ഈ ജോലി പോയതോടെയാണ് യു.എ.ഇ കോൺസുലേറ്റിൽ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായത്. എല്ലായിടത്തും ശക്തമായ സ്വാധീനം. കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടികളുടെ ചുക്കാൻ സ്വപ്‌നയുടെ കൈയിൽ. ഉന്നതരുമായി അടുത്ത ബന്ധം, പെരുമാറ്റത്തിലൂടെയും സഹകരണത്തിലൂടെയും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി.
സ്വർണക്കടത്തും റിയൽ എസ്റ്റേറ്റും
യു.എ.ഇ കോൺസുലേറ്റിലെ ജോലിക്കിടെയാണ് സ്വപ്‌ന സ്വർണക്കടത്തിലേക്ക് തിരിയുന്നത്. കൂട്ടിന് കോൺസുലേറ്റ് മുൻ പി.ആർ.ഒയും ഇപ്പോൾ എൻ.ഐ.എയുടെ കസ്‌റ്റഡിയിലുള്ള, സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി പി.എസ്.സരിത്തും. 20 തവണ സ്വർണം കടത്തിയതിലൂടെ സ്വപ്‌ന കോടികൾ സമ്പാദിച്ചതായാണ് കസ്‌റ്റംസ് പറയുന്നത്. ഇതെല്ലാം എവിടെയെന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല.
സ്വപ്‌നയുടെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ കണ്ടെത്തിയത്. സ്വർണക്കടത്തിന് സഹായിച്ചതിന് സ്വപ്നയ്‌ക്ക് ലഭിച്ച പ്രതിഫലമാണിതെന്നാണ് എൻ.ഐ.എ പറയുന്നത്. എന്നാൽ ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത സ്വർണവും പണവും വിവാഹ സമ്മാനമാണെന്ന് സ്വപ്‌നയുടെ നിലപാട്. 20 വർഷം മുമ്പ് നടന്ന സ്വപ്നയുടെ ആദ്യവിവാഹത്തിന് അഞ്ചുകിലോ സ്വർണവും 25 ലക്ഷം രൂപയും ഒരു കാറുമാണ് സമ്മാനമായി ലഭിച്ചത്. ദുബായ് രാജകുടുംബത്തിന്റെയും മറ്റും സമ്മാനങ്ങളും ഇതിലുണ്ട്. ഇതിൽ ശേഷിച്ച സ്വർണവും പണവുമാണ് ലോക്കറിലുണ്ടായിരുന്നതെന്നും സ്വപ്‌ന അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ എസ്.ബി.ഐയുടെ ട്രഷറി ബ്രാഞ്ചിൽ നിന്ന് 45 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും കണ്ടെടുത്തിരുന്നു.
സ്വർണക്കടത്തിൽ നിന്ന് കോടികൾ ഉണ്ടാക്കിയതു കൂടാതെ റിയൽ എസ്‌റ്റേറ്റ് ബിസിനസിൽ ഇടനില നിന്നും സ്വപ്‌ന കോടികൾ വാരി.
പ്രളയ ഫണ്ടും വെട്ടിച്ചു
സ്വർണക്കടത്തിന് പുറമേ യു.എ.ഇ സർക്കാരുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ സംസ്ഥാനത്ത് നടത്തിയ ഭവന നിർമ്മാണ പദ്ധതികളിലും ഇടനിലക്കാരിയായി സ്വപ്‌ന സുരേഷ് കോടികൾ കമ്മിഷൻ കൈപ്പറ്റി. യു.എ.ഇ.യിലെ സന്നദ്ധസംഘടന കേരളത്തിലെ ഭവന നിർമാണത്തിനായി നൽകിയ ഒരുകോടി ദിർഹത്തിന്റെ (ഏതാണ്ട് 20 കോടി രൂപ) സഹായത്തിൽ നിന്നായിരുന്നു സ്വപ്‌ന തുക വെട്ടിച്ചത്. എന്നാൽ, 1.38 കോടി മാത്രമാണ് ഇടനിലക്കാരിയായ തനിക്ക് ലഭിച്ചതെന്നാണ് സ്വപ്‌ന പറയുന്നത്. സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളർ വന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ 50,000 ഡോളർകൂടി തനിക്ക് മറ്റു രീതിയിൽ പ്രതിഫലം കിട്ടിയതായി സ്വപ്‌ന തന്നെ വെളിപ്പെടുത്തുകയും ചെയ്തു. കേരളത്തിനും യു.എ.ഇയ്ക്കും ഇടയിൽ സർക്കാർ തലത്തിലും സ്വകാര്യസംരംഭങ്ങളിലും ഇടനിലക്കാരിയായി സ്വപ്നയുണ്ടായിരുന്നു. യു.എ.ഇ.യുമായി ബന്ധപ്പെട്ട് സഹായം ലഭിക്കാൻ എല്ലാവരും സ്വപ്നയെയാണു സമീപിച്ചിരുന്നത്. സഹായനിധികളിൽനിന്നു സ്വപ്നയ്ക്കും കൂട്ടർക്കും കൃത്യമായ വിഹിതം വന്നിരുന്നു.