കാസർകോട്: പാണത്തൂർ വട്ടക്കയത്ത് പാമ്പ് കടിയേയും കൊവിഡിനെയും അതിജീവിച്ച് ഒന്നരവയസുകാരി പുതുജീവിത്തിലേക്ക്. പരിയാരം മെഡിക്കൽ കോളേജിലെ11 ദിവസത്തെ ചികിത്സയ്ക്കുശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞമാസം 21നാണ് ഒന്നരവയസുകാരിക്ക് അണലിയുടെ കടിയേൽക്കുന്നത്.
ബീഹാറിൽ നിന്നെത്തിയ അദ്ധ്യാപക ദമ്പതികളും കുഞ്ഞും ക്വാറൻ്റയിനിലായിരുന്നു. ജനൽ തുറക്കുന്നതിനിടെ കുട്ടിയെ പാമ്പ് കടിക്കുകയായിരുന്നു. എന്നാൽ കൊവിഡിനെ പേടിച്ച് ഒന്നരവയസുകാരിയെ രക്ഷിക്കാൻ പലരും മടിച്ചു നിന്നു. ഈ വേളയിൽ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായി എത്തിയത് അയൽവാസിയും സി.പി.എം നേതാവുമായ ജിനിലാണ്.
കുഞ്ഞിനെ കടിച്ച അണലിയെ തല്ലിക്കൊന്ന് കവറിലാക്കിയെടുത്ത്, ഒന്നരവയസുകാരിയെ വാരിയെടുത്ത്, ആംബുലൻസ് ഡ്രൈവറായ സുഹൃത്ത് ബിനുവിൻ്റെ സഹായത്തോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും, അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്കും ഓടി. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. ആശുപത്രിയിൽവച്ചുനടന്ന പരിശോധനയിൽ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ശിശുരോഗവിഭാഗം മേധാവി ഡോ. എം.ടി.പി. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. ആരോഗ്യനില മെച്ചപ്പെട്ട ഒന്നരവയസുകാരിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് നേരത്തെ മാറ്റിയിരുന്നു.രോഗം ഭേദമായതോടെ ഇന്നലെ ആശുപത്രി വിട്ടു.