covid-dead

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. മൊത്തം രോഗികളുടെ എണ്ണം പതിനെട്ട് ലക്ഷം കവിഞ്ഞു. നിലവിലെ കണക്കുപ്രകാരം രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 18,03,695 ആണ്. ഇരുപത്തിനാലുമണിക്കൂറിനിടെ 52972 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്.കൊവിഡ് മൂലം രാജ്യത്ത് ഇതുവരെയുളള മരണസംഖ്യ 38,135 ആയി ഉയർന്നു. ഇരുപത്തിനാലുമണിക്കൂറിനുളളിൽ 771 മരണമാണ് റിപ്പോർട്ടുചെയ്തത്.

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. 1,48,843 പേരാണ് സംസ്ഥാനത്തെ നിലവിലെ രോഗബാധിതർ. 15,576 മരണമാണ് ഇതുവരെ റിപ്പോർട്ടുചെയ്തത്. ഇരുപത്തിനാലുമണിക്കൂറിനിടെ സംസ്ഥാനത്ത് 260 പേരാണ് മരണത്തിന് കീഴടങ്ങിയത്.

തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 56,998 പേരാണ് നിലവിലെ രോഗബാധിതർ. മരണ സംഖ്യ 4,132 ആയി. ആന്ധ്രാപദേശും ഡൽഹിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഡൽഹിയിലെ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. 10,356 പേരാണ് സംസ്ഥാനത്തെ രോഗബാധിതർ.

കേരളത്തിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ് . നിലവിലെ രോഗബാധിതർ 11,366 ആണ്. ഇന്ന് രാവിലെ ഒരു മരണം കൂടി റിപ്പോർട്ടുചെയ്തതോടെ ആകെ മരണം 83 ആയി.