tvpm-lockdown

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്ത് പുതിയ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ, ചന്ദ്രമംഗലം, ആമച്ചൽ, ചെമ്പനകോഡ്, പാരച്ചൽ എന്നീ വാർഡുകളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ജഗതി, വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്, മുദാക്കൽ ഗ്രാമപഞ്ചായത്ത് എന്നിവയേയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും കർശന ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ കളക്‌ടറുടെ ആവശ്യം. ഈ പ്രദേശങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. കണ്ടെയിൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഇന്നലെ തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 377 രോഗികളിൽ 363 പേർക്കും സമ്പ‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 66 പേർ രോഗമുക്തി നേടി. ജില്ലയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3500ലേക്ക് അടുക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ബണ്ട് കോളനിയിൽ ഇന്നലെ മാത്രം 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി വൈ.സുരേഷ് ഉൾപ്പെടെ 10 പൊലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ പൂന്തുറ അടക്കമുള്ള ലാർജ് ക്ലസ്റ്ററിൽ നിന്നും രോഗം പുറത്തേക്കും പടരുകയാണ്. ബണ്ട് കോളനിയിലെ രോഗബാധ നഗരമദ്ധ്യത്തിൽ പുതിയ ക്ലസ്റ്റർ രൂപപ്പെടുന്നതിന്റെ സൂചനയാണ് നൽകുന്നത്.