ന്യൂഡൽഹി: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത് ആശങ്കയ്ക്കിടയാക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാൻ ചേർന്ന ഈ യോഗത്തിൽ പ്രധാനമന്ത്രിക്ക് പുറമേ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ തുടങ്ങി മന്ത്രിസഭയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. ഇതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.
എന്നാൽ ഇക്കാര്യത്തിൽ അല്പംപോലും ആശങ്കവേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ശരീര ഊഷ്മാവ് പരിശോധിക്കൽ, ആരോഗ്യസേതു ആപ്പ് പരിശോധന, സാമൂഹിക അകലം തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മന്ത്രിസഭായോഗം ചേർന്നതെന്നും പ്രധാനമന്ത്രി ക്വാറന്റൈനിൽ പോകേണ്ടതില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മന്ത്രിസഭാ യാേഗത്തിനുപുറമേ അൺലോക്കിന്റെ മൂന്നാംഘട്ടവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലും അമിത് ഷാ പങ്കെടുത്തിരുന്നു. എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും പ്രധാന ഉദ്യോഗസ്ഥരുമായും തന്റെ സ്റ്റാഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താറുണ്ട്. ഇവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ചതിനാൽ അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായുളള ഭൂമി പൂജയിൽ അദ്ദേഹം പങ്കെടുക്കുന്നില്ലൊന്നാണ് റിപ്പോർട്ട്. അതിനിടെ അമിത് ഷായ്ക്ക് വേഗത്തിൽ രോഗശാന്തി ഉണ്ടാവട്ടെ എന്നാശംസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുളളവർ ട്വീറ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം അമിത് ഷാ തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.