ഓരോ ദിവസം കഴിയുംതോറും സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതലേ സർക്കാർ കാണിച്ച അലംഭാവമാണ് ദയനീയമായ ഇത്തരമൊരു അവസ്ഥയിലേക്ക് നാടിനെ കൊണ്ടെത്തിച്ചത്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടക്കം മുതലേ പാളിയിരുന്നു. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളായ മലയാളികളുടെ മടക്കയാത്രയും അന്യസംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളുടെ തിരിച്ചുവരവും കൈകാര്യം ചെയ്യുന്നതിൽ കേരള സർക്കാർ ദയനീയമായി പരാജയപ്പെട്ടു . പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തിൽ അടിയന്തര തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഞാനടക്കമുള്ള എം.പിമാർ നിരന്തരം കത്തയച്ചിരുന്നു. പ്രവാസികൾക്ക് അനുകൂലമായ തീരുമാനമെടുക്കാൻ ഇവിടത്തെ പ്രതിപക്ഷം കേരള സർക്കാരിനോട് നിരവധി തവണ കൊമ്പുകോർക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ മടങ്ങിവരുന്ന പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കാനാണ് കേരള സർക്കാർ ശ്രമിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനാൽ സർക്കാരിന് ആ തീരുമാനം പിൻവലിക്കേണ്ടതായി വന്നു. പ്രവാസികൾക്കായി രണ്ടരലക്ഷം ബെഡുകൾ സജ്ജീകരിക്കാമെന്ന് പറഞ്ഞ പിണറായിയുടെ വാക്ക് പാഴ് വാക്കായി.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾക്കായി ചെക്ക്പോസ്റ്റുകളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഏർപ്പെടുത്തിയിരുന്നില്ല. ഗർഭിണികളും വൃദ്ധരും കൈക്കുഞ്ഞുങ്ങളുമടങ്ങുന്ന ആയിരക്കണക്കിനാളുകൾ ചെക്ക് പോസ്റ്റുകളിൽ സ്വന്തം നാട്ടിലേക്കുള്ള പ്രവേശനത്തിനായി മണിക്കൂറുകളോളം കാത്തുകെട്ടിക്കിടന്നു. ഇവരുടെ വിവരമറിയാൻ പോയ യു.ഡി.എഫ് ജനപ്രതിനിധികളെ മരണത്തിന്റെ വ്യാപാരികൾ എന്നുവിളിച്ച് അധിക്ഷേപിക്കാനാണ് മുഖ്യമന്ത്രിയുടെ അന്നത്തെ സായാഹ്ന പ്രഭാഷണത്തിൽ ഏറിയ സമയവും മാറ്റിവച്ചത്. പൊതുജനങ്ങളുടെ മുന്നിൽ പുകമറ സൃഷ്ടിച്ചുകൊണ്ട് പുതിയൊരു പ്രതിച്ഛായ സൃഷ്ടിക്കാനാണ് കൊവിഡ് കാലത്തെ പ്രഭാഷണ പരമ്പരകൾ മുഖ്യമന്ത്രി സമർത്ഥമായി ഉപയോഗിച്ചത്.
മുഖ്യമന്ത്രിയുടെ സായാഹ്ന പ്രഭാഷണത്തിലെ വാക്കുകളും പ്രവൃത്തികളും തമ്മിൽ യാതൊരു പൊരുത്തവുമില്ല. കാക്കയ്ക്കും പൂച്ചയ്ക്കും ഭക്ഷണം നൽകണമെന്ന് പറയുകയല്ലാതെ ഭക്ഷണത്തിനു വേണ്ടി അഞ്ചു പൈസ ചെലവാക്കിയിട്ടുണ്ടോ? കമ്മ്യൂണിറ്റി കിച്ചണുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലയിലിട്ട് മുഖ്യമന്ത്രി തടിതപ്പുകയായിരുന്നില്ലേ?
കൊവിഡ് കാലം പാവപ്പെട്ട സർക്കാർ ജീവനക്കാരെ കൊള്ളയടിക്കുകയായിരുന്നു ഇടതുപക്ഷ സർക്കാർ. ജീവനക്കാരുടെ സമ്മതം മുൻകൂട്ടി വാങ്ങാതെ തട്ടിക്കൂട്ടിയ ഓർഡിനൻസിലൂടെ അവരുടെ ശമ്പളം കവർന്നെടുക്കുകയാണ് സർക്കാർ ചെയ്തത്. തങ്ങളുടെ സമ്മതമില്ലാതെ ശമ്പളം കവർന്നെടുത്തതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതികരിച്ച അദ്ധ്യാപകരടക്കമുള്ള ജീവനക്കാരെ ആർത്തിപ്പണ്ടാരങ്ങൾ എന്നുവിളിച്ച് പൊതുജനങ്ങൾക്ക് മുമ്പിൽ അപഹാസ്യരാക്കാനാണ് കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള ഇടതുപക്ഷ മന്ത്രിമാർ ശ്രമിച്ചത്. എന്നാൽ ഒരുവശത്ത് ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കുകയും മറുവശത്ത് സ്വന്തക്കാർക്കും വ്യാജൻമാർക്കും ലക്ഷക്കണക്കിന് രൂപ ശമ്പളത്തിൽ നിയമനം നൽകുകയും ചെയ്തിരിക്കയാണ്. ഈ നാടിന്റെ കരുതലായി നിന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും കൊവിഡ് ഡ്യൂട്ടിയിലേർപ്പെട്ട മറ്റു ജീവനക്കാർക്കും ആത്മവിശ്വാസം നൽകുന്ന ഒരു പ്രഖ്യാപനവും നടത്തിയില്ലെന്ന് മാത്രമല്ല, രാഷ്ട്രീയ വിരോധം മുൻനിറുത്തി ഈ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുക കൂടി ചെയ്തു.
കൊവിഡ് കാലം പിണറായി സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു ചാകരയാണ്. കൊവിഡ് കാലത്തെ കെ.എസ്.ഇ.ബിയുടെ അധിക ബിൽ തുക ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയത്തിന്റെ മകുടോദാഹരണമാണ്. പൊതുഖജനാവിലേക്ക് എത്തേണ്ടിയിരുന്ന പണം ബെവ്കൊ ആപ്പ് വഴി ബാർ മുതലാളിമാരുടെ പോക്കറ്റിൽ എത്തിച്ചു.
കൊവിഡിന്റെ പേരിൽ പി.എസ്.സി റാങ്ക്ലിസ്റ്റ് നോക്കുകുത്തിയാക്കി സ്വന്തക്കാരെയും പാർട്ടിക്കാരെയും സർക്കാരിന്റെ വ്യത്യസ്ത വകുപ്പുകളിൽ താത്കാലിക നിയമനം വഴി തിരുകിക്കയറ്റി. ഈ താത്കാലിക നിയമനം നേടിയ സ്വപ്നമാരിൽ പലരും വ്യാജന്മാരായിരുന്നുവെന്നതാണ് പുറത്തുവരുന്ന വാർത്ത. പൊതുമുതൽ കൊള്ളയടിക്കാൻ സർക്കാർ കണ്ടുപിടിച്ച പുതിയ മാർഗമായിരുന്നു കൺസൾട്ടൻസികൾ. ഇതിനായി കോടികളാണ് ചെലവഴിക്കുന്നത്. മുഖ്യമന്ത്രിയുടെ നിഴലായ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കള്ളക്കടത്തുകാരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഉപയോഗിക്കുന്നു. സർക്കാരിനെതിരെയുള്ള പ്രതികൂല സാഹചര്യങ്ങളെ, ജനപിന്തുണയുള്ള പ്രതിപക്ഷ സമരങ്ങളെ മറികടക്കാൻ പിണറായി കണ്ടുപിടിച്ച രക്ഷാ കവചമാണ് 'മരണത്തിന്റെ വ്യാപാരികൾ" എന്ന പ്രയോഗം.
ഭരണത്തിന്റെ നെറികേടുകൾക്കെതിരെയുളള കേരള ജനതയുടെ ന്യായമായ പ്രതികരണങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് യു ഡി.എഫ് നേതൃത്വം നൽകുന്നത്. അത് ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിന്റെ അവകാശവും കർത്തവ്യവുമാണ്. ഇതിനെ മരണത്തിന്റെ വ്യാപാരികൾ എന്നുവിളിച്ച് അധിക്ഷേപിക്കുന്നതിലൂടെ മുഖ്യമന്ത്രിയും കൂട്ടരും കേരളജനതയ്ക്ക് മുമ്പിൽ ചെറുതാവുകയാണ്.
കൊവിഡ് മഹാമാരിക്ക് മുന്നിൽ സംസ്ഥാനം പകച്ചുനിൽക്കുമ്പോൾ അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും നടത്തി സ്വന്തം ജനതയെ വഞ്ചിക്കുന്ന പിണറായിയും കൂട്ടരുമാണോ അതോ ഭരണത്തിന്റെ ഈ വക നെറികേടുകൾക്കെതിരെ പ്രതികരിക്കുകയും അത് തിരുത്തിക്കുകയും ചെയ്ത പ്രതിപക്ഷമാണോ യഥാർത്ഥത്തിൽ മരണത്തിന്റെ വ്യാപാരികളെന്ന് പ്രബുദ്ധ കേരളം തീരുമാനിക്കട്ടെ.