ലക്നൗ: പുതിയ അയോദ്ധ്യ സ്റ്റേഷന്റെ ആദ്യ ഘട്ടം 2021 ജൂൺ മാസത്തോടെ പൂർത്തിയാകുമെന്ന് റെയിൽവേ. ശ്രീരാമന്റെ ജന്മസ്ഥലത്തേക്ക് യാത്ര ചെയ്യുന്നവർക്ക് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുമെന്നും റെയിൽവേ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ 1, 2/3 പ്ലാറ്റ്‌ഫോമുകളുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് നോർത്തേൺ റെയിൽവേ ജനറൽ മാനേജർ രാജീവ് ചൗധരി പറഞ്ഞു. അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ ഏകദേശം 104 കോടി രൂപ ചെലവിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ഘട്ടത്തിൽ പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണവും, മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുകയുമാണ് ചെയ്യുകയെന്ന് പ്രസ്താവനയിൽ പറയുന്നു. ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കൽ, വെയിറ്റിംഗ് റൂം വിപുലീകരണം, എയർ കണ്ടീഷൻ ചെയ്ത മൂന്ന് വിശ്രമമുറികൾ, ശുചിമുറിയോടു കൂടിയ 17 കിടക്കകളുള്ള പുരുഷന്മാരുടെ ഡോർമിറ്ററി, ശുചിമുറിയോടുകൂടിയ സ്ത്രീകളുടെ ഡോർമിറ്ററി എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തും.
ഭക്ഷണശാലകൾ, കടകൾ, അധിക ശുചിമുറികൾ എന്നിവയുൾപ്പെടെ മറ്റ് സൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നു. ടൂറിസ്റ്റ് സെന്റർ, ടാക്സി ബൂത്ത്, ഷിഷു വിഹാർ തുടങ്ങിയ അധിക സൗകര്യങ്ങളുണ്ടാകും.നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
റെയിൽവേ സ്റ്റേഷന് ക്ഷേത്രത്തിന്റെ രൂപകൽപ്പനയുമായി ചില സാമ്യതകളുണ്ടെന്നാണ് സൂചന. താഴികക്കുടങ്ങൾ, ഉയർന്ന തൂണുകൾ എന്നിവയൊക്കെയുണ്ട്. പണി പൂർത്തിയായിക്കഴിഞ്ഞാൽ സ്റ്റേഷന് ഏകദേശം 1,000,00 ചതുരശ്രയടി വിസ്തീർണ്ണമുണ്ടാകുമെന്നാണ് റിപ്പോർട്ട്.