ശ്രീനഗർ: കാശ്മീരിലെ കുൽഗാമിൽ ഭീകരർ ടെറിട്ടോറിയൽ ആർമി ജവാനെ തട്ടിക്കൊണ്ടുപോയി.അദ്ദേഹത്തിന്റെ വീടാക്രമിച്ചശേഷമായിരുന്നു തട്ടിക്കൊണ്ടുപോയത്. വീടിനുമുന്നിൽ നിറുത്തിയിട്ടിരുന്ന കാറും കത്തിച്ചിട്ടുണ്ട്. ഷക്കീർ മൻസൂർ എന്ന ജവാനെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. ഇന്നലെ അർദ്ധരാത്രിക്കുശേഷം നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്ഥലത്തേക്ക് കൂടുതൽ സൈനികർ എത്തിയിട്ടുണ്ട്. തെരച്ചിൽ തുടരുകയാണ്.
ബലിപ്പെരുന്നാൾ പ്രമാണിച്ച് ഷക്കീർ അവധിയിലായിരുന്നു. ആയുധ ധാരികളായ ഭീകരർ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. ജവാനെ പിടികൂടിയശേഷമാണ് കാർ കത്തിച്ചത്. നേരത്തേയും കാശ്മീരിൽ ഭീകരർ ജവാന്മാരെ തട്ടിക്കൊണ്ടുപോയിരുന്നു.
കുറച്ചുമാസങ്ങളായി കാശ്മീരിൽ ഭീകരർക്കെതിരായ സൈനിക നടപടി കൂടുതൽ കർശനമാക്കിയിട്ടുണ്ട്. കൊടും ഭീകരരുൾപ്പടെ നിരവധിപേരെ വധിക്കുകയും മറ്റുചിലരെ പിടികൂടുകയും ചെയ്തു. വൻ ആയുധശേഖങ്ങൾ പിടികൂടാനും ആക്രമണ പദ്ധതികൾക്ക് തടയിടാനും കഴിഞ്ഞു.