ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും പുതിയ കടുവ സെൻസസിന്റെ ഫലം വന്നത് കഴിഞ്ഞ ദിവസമാണ്. കാട്ടിൽ നിരവധി ഇടങ്ങളിൽ രഹസ്യക്യാമറകൾ വച്ച് അവയിൽ വന്ന ചിത്രങ്ങളിലൂടെയാണ് രാജ്യത്തെ വിവിധ വന്യജീവി സങ്കേതങ്ങളിൽ കടുവകളുടെ എണ്ണമെടുത്തത്. എന്നാൽ കടുവകളെക്കാൾ കൂടുതൽ ഈക്യാമറകളിൽ പതിഞ്ഞത് മറ്റ് ചില ജീവികളാണ്. തെരുവ് നായ്‌ക്കളും മനുഷ്യർ വളർത്തുന്ന കന്നുകാലികളുമാണത്. 30 കടുവ സങ്കേതങ്ങളിൽ 17ലും ഇവ സ്വൈരവിഹാരം നടത്തുകയാണെന്നാണ് ക്യാമറ കണ്ണുകൾ ഒപ്പി തന്ന ചിത്രങ്ങൾ കാട്ടിത്തരുന്നത്.
കൂടുതലായും പുറംകാടുകളിലാണ് ഇവ കാണപ്പെടുന്നത്. ഇവിടെ ജീവിക്കുന്ന ജന്തുക്കളുമായി കടുത്ത മത്സരമാണ് വന്യ സ്വഭാവമുളള ഇവ കാട്ടുന്നത്. ഉൾക്കാടുകളിൽ നായ്‌ക്കളുടെയും കന്നുകാലികളുടെയും സാന്നിദ്ധ്യം കുറവാണ്. ഗ്രാമങ്ങളോട് ചേർന്നുളള വനപ്രദേശങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമാണെന്നും വന്യജീവികൾക്ക് ഇവയുടെ ഉപദ്രവമേക്കാനുളള സാഹചര്യം പരമാവധി കുറക്കാനുളള ശ്രമത്തിലാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി മെമ്പർ സെക്രട്ടറി എസ് പി യാദവ് അറിയിച്ചു.
നായ്‌ക്കളുടെയും കന്നുകാലികളുടെയും സാന്നിദ്ധ്യത്തിലൂടെ മറ്റ് മൃഗങ്ങൾക്ക് വേട്ടയാടുന്നതിന് തടസവും അസുഖം വരാനുളള സാധ്യത കൂടുതലുമാണ്. ഇവയുടെ സാന്നിദ്ധ്യത്തെ കുറിച്ച് വനപാലകർക്ക് അറിവുണ്ട്. നായ്‌ക്കൾ കടുവകളെക്കാൾ ഈ വനങ്ങളിലെ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുമായി പോരടിക്കാറുണ്ട്. ഇതും ഭീഷണിയാണ്. 2017ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ഹിമാചൽ പ്രദേശിൽ ചെന്നായ്‌ക്കളും പുലികളും നാട്ടിലിറങ്ങി പിടിച്ചിട്ടുളളതിനെക്കാൾ കന്നുകാലികളെ തെരുവ് നായ്‌ക്കളാണ് വേട്ടയാടി പിടികൂടിയിരിക്കുന്നത് എന്നാണ്. പുലിയുടെ കുഞ്ഞുങ്ങളെ കൊല്ലുകയും കാട്ടുനായ്‌ക്കളിൽ നിന്ന് ആഹാരം തട്ടിയെടുക്കുകയും എല്ലാം ചെയ്യുന്ന തെരുവ് നായ്‌ക്കൾ വലിയ ശല്യം തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു രൺഥംഭോർ ദേശീയ കടുവ ഉദ്യാനത്തിലെ വന്യജീവി പര്യവേഷകൻ ധർമേന്ദ്ര ഖണ്ഡൽ.
80 ഓളം വന്യജീവികൾ അവയിൽ 31 വംശനാശ ഭീഷണി നേരിടുന്ന ജീവികളുണ്ട് ഇവയെ നിരന്തരം ആക്രമിക്കുന്നതിൽ മൂന്നിൽ രണ്ടും മനുഷ്യനൊപ്പം വരാത്ത തെരുവ് നായ്‌ക്കളാണ്. ലോകത്താകെ 11ഓളം ജീവികളുടെ വംശനാശത്തിനും 188 ജന്തുക്കളെ വംശനാശത്തിന് അടുത്ത് വരെ എത്തിച്ചിരിക്കുന്നതും തെരുവ് നായ്‌ക്കൾ തന്നെയാണെന്നാണ് ആഗോളമായി നടത്തിയ പഠന ഫലം.