ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് മറ്റന്നാൾ നടക്കുന്ന ഭൂമിപൂജയ്ക്കുളള ആദ്യ ക്ഷണക്കത്ത് അയച്ചത് ബാബ്റി മസ്ജിദ് കേസിലെ പ്രധാന കക്ഷിയായ ഇക്ബാൽ അൻസാരിക്ക്. 'അത് എനിക്ക് ലഭിക്കണമെന്നത് ഭഗവാൻ രാമന്റെ ആഗ്രഹമാണെന്ന് പറഞ്ഞ അൻസാരി ക്ഷണക്കത്ത് സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും അറിയിച്ചു. കേസിൽ മുസ്ലിം വിഭാഗത്തിലെ ഏറ്റവും ആദ്യത്തെ കക്ഷികളിലൊരാളായ അന്തരിച്ച ഹാഷിം അൻസാരിയുടെ മകനാണ് ഇക്ബാൽ അൻസാരി. പിതാവിന്റെ മരണശേഷം ഇക്ബാൽ കേസിൽ കക്ഷിചേരുകയായിരുന്നു. ഇക്ബാൽ അൻസാരിക്ക് പുറമേ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ ഫറൂക്കിക്കും ക്ഷണമുണ്ട്.
ഇരുനൂറുപേർക്കാണ് ക്ഷണക്കത്ത് അയച്ചിട്ടുളളത്. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ഷണക്കത്തിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി,ആർ എസ് എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരുടെ പേരുകൾ കുങ്കുമ നിറത്തിലുളള ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള പ്രധാന വ്യക്തികൾ പങ്കെടുക്കും. കൊവിഡ് സ്ഥിരീകരിച്ചതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുത്തേക്കില്ല. ഇരുനൂറുപേർക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ടെങ്കിലും 180 ൽ താഴെ വിശിഷ്ട വ്യക്തികളായിരിക്കും ചടങ്ങിനെത്തുക എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, പ്രയാഗ് രാജിലെ ജഗത്ഗുരു സ്വാമി വാസുദേവാനന്ദ സരസ്വതി തുടങ്ങിയവർ വീഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പടെ എത്തുന്നതിനാൽ കർശന സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
161 അടി ഉയരമുളളതാണ് ക്ഷേത്രം. 128 അടി ഉയരമാണ് നേരത്തേ നിശ്ചിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. 2023 പകുതിയോടെ ക്ഷേത്രനിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്.