അഹമ്മദാബാദ്: സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് സ്ഥിരമായി ഉപദ്രവിക്കുന്നെന്നാരോപിച്ച് നാൽപത്തിമൂന്നുകാരി പൊലീസിൽ പരാതി നൽകി. അഹമ്മദാബാദിലെ സ്ത്രീ മഹിള വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഭർത്താവ് അയാളുടെ സുഹൃത്തുക്കളോട് അടുത്തിടപഴകാൻ തന്നെ നിർബന്ധിക്കുന്നെന്നും, അവരുടെ ഭാര്യമാരുമായി ഉല്ലസിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും യുവതി ആരോപിക്കുന്നു.
അനുപമയും പാർത്തും (ഇരുവരുടെയും യഥാർത്ഥ പേരല്ല)) 2002ലാണ് വിവാഹിതരായത്. അവളുടെ കുടുംബം 50പവൻ സ്വർണം സ്ത്രീധനമായി പാർത്തിന്റെ കുടുംബത്തിന് നൽകി. വിവാഹത്തിന് മുമ്പ് പാർത്തിന് എം.ബി.എ ബിരുദമുണ്ടെന്നും, സ്വന്തമായി മില്ലുകൾ ഉണ്ടെന്നും പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം ഇയാളുടെ കുടുംബം കാറും, പണവും ആവശ്യപ്പെടാൻ തുടങ്ങി. ഇത് തുടർന്നതോടെ വീട്ടുകാരോട് പണം ആവശ്യപ്പെടാൻ യുവതി വിസമ്മതിച്ചു. ഇതോടെ പാർത്ത് അവളെ മർദ്ദിക്കാൻ തുടങ്ങി.
2005 ൽ യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അടുത്ത വർഷം പാർത്ത് എം.ബിഎ ബിരുദധാരിയല്ലെന്ന് അവർ കണ്ടെത്തി.ഭർത്താവിന്റെ ബിസിനസ് ശരിയായി നടക്കാത്തതിനാൽ താൻ വായ്പയെടുത്ത് ഒരു ട്രാവൽ ഏജൻസി ആരംഭിച്ചതായി നാൽപത്തിമൂന്നുകാരി പൊലീസിനോട് പറഞ്ഞു. ഈ സമയത്ത് അയാൾ മദ്യപാനത്തിലും ചൂതാട്ടത്തിലും ഏർപ്പെട്ടു. 2019 ൽ അയാൾ യുഎസിലേക്ക് പോയി.
കൊവിഡ് വ്യാപനം തടയാനായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ പരാതിക്കാരിയുടെ ബിസിനസ് നഷ്ടത്തിലായി. തുടർന്ന് തന്റെ ആഭരണങ്ങൾ തിരികെ നൽകാൻ അവർ അമ്മായിയമ്മയോട് ആവശ്യപ്പെട്ടെങ്കിലും, വിസമ്മതിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ അവർ പൊലീസിനെ സമീപിച്ച് ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പരാതി നൽകുകയായിരുന്നു.