കൊച്ചി: ആലുവയിൽ നാണയം കഴിച്ച് മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വൻ കുടലിന്റെ ഭാഗത്തായിരുന്നു നാണയം. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‍മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കുട്ടിയുടെ മൃതദേഹം വിട്ടു കൊടുത്തു.
ഡോക്ടർമാർക്കെതിരെ കുട്ടിയുടെ ബന്ധു രംഗത്തെത്തി. നാണയം വിഴുങ്ങിയതല്ല മരണ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. മറ്റു കാരണം കൊണ്ടാണ് കുട്ടി മരിച്ചതെങ്കിൽ എന്തുകൊണ്ട് റിപ്പോർട്ടിൽ വന്നില്ല എന്ന് കുട്ടിയുടെ ബന്ധു ഉദയൻ ചോദിച്ചു. മൂന്ന് ആശുപത്രികളിൽ കൊണ്ടുപോയിട്ടും മറ്റ് അസുഖം ഉള്ളതായി റിപ്പോർട്ടിൽ പറയുന്നില്ല. ആശുപത്രിയിൽ വരുന്നത് വരെ കുട്ടിക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ല. തുടർനടപടികൾ സ്വീകരിക്കുമെന്നും ഡോക്ടർമാർക്കെതിരെ പരാതി നൽകുമെന്നും ഉദയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താൽ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.