afghanistan

കാബൂൾ: അഫ്ഗാൻ സേനയും ഐസിസും തമ്മിൽ ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടലിൽ 20 പേർ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്‍ഗാനിലെ നംഗര്‍ഹര്‍ പ്രവിശ്യയിലെ ജലാലാബാദ് ജയിലിന് നേരെയാണ് ആക്രമണമുണ്ടായത്. മരിച്ചവരിൽ തടവുകാരും, സിവിലയൻ, ജയിൽ ഗാർഡുകളും ,അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ഉൾപ്പെടുന്നതായാണ് വിവരം. ഞായറാഴ്ച വെെകിട്ടോടെയാണ് ആക്രമണം തുടങ്ങിയത്.

ആക്രമണത്തിൽ ജലാലാബാദിൽ 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജയിലിനുമുന്നിൽ ചാവേർ ബോംബർ സ്ഫോടക വസ്തു നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെയാണ് ആക്രമണത്തിന്റെ തുടക്കം. അക്രമികൾ വെടിയുതിർക്കുകയും ചെയ്തു. ഇതുവരെ മൂന്ന് അക്രമികൾ കൊല്ലപ്പെട്ടതായി നംഗർഹാർ പ്രവിശ്യയിലെ ഗവർണറുടെ വക്താവ് അട്ടുള്ള ഖോഗ്യാനി പറഞ്ഞു.

വെടിവയ്പ്പിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഭീകരർ ഏറ്റെടുക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അഫ്ഗാൻ അധികൃതർ അറിയിച്ചു. അതേസമയം ഡസൻ കണക്കിന് തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നൂറോളം തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പലരെയും സുരക്ഷാസേന പിടികൂടിയതായി പൊലീസ് വക്താവ് താരെക് അസീസ് പറഞ്ഞു.

എന്നാൽ വലിയൊരു വിഭാഗം തടവുകാർ രക്ഷപ്പെട്ടതായും നംഗർഹാർ പ്രവിശ്യ കൌൺസിൽ മേധാവി പറഞ്ഞു. 1500 തടവുകാരാണ് ജയിലിലുള്ളത്. ഇവരിൽ നൂറുകണക്കിന് പേർ അഫ്ഗാനിസ്ഥാനിലെ ഐ എസ് ഐ എൽ ഗ്രൂപ്പിൽ അംഗമുള്ളവരാണെന്നാണ് കരുതുന്നത്.

ആക്രമണത്തിൽ സംഘത്തിന് പങ്കില്ലെന്നാണ് നേരത്തെ താലിബാൻ വക്താവ് ട്വിറ്റിലൂടെ വ്യക്തമാക്കിയത്. നംഗർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിന് സമീപം മുതിർന്ന ഐ എസ് ഐ എൽ കമാന്ററെ അഫ്ഗാൻ പ്രത്യേകസേന വധിച്ചു എന്ന് രഹസ്യാന്വേഷണ സംഘം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ജയിലിൽ ആക്രമണം നടന്നത്.

നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ഐസിസിന് 2200 പ്രാദേശിക അംഗങ്ങളുണ്ടെന്നാണ് യു എന്‍ പറയുന്നത്. ശക്തമായ നേതൃത്വം ഇല്ലാത്തതിനാല്‍ ഇവര്‍ ഇവിടെ നിന്ന് പിന്മാറുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ആക്രമണം ഉണ്ടായത്. ഫെബ്രുവരിയിൽ താലിബാനും അമേരിക്കയും ഉടമ്പടികളിൽ ഒപ്പുവച്ചിരുന്നു. തുടർന്ന് താലിബാനും കാബൂൾ സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ നടത്താനുള്ള ശ്രമങ്ങൾ ഇല്ലാതായി. കഴിഞ്ഞ ആഴ്ച അഫ്ഗാനിൽ നൂറുകണക്കിന് കുട്ടികളടക്കം 1,300 സിവിലിയന്മാർ കൊല്ലപ്പെട്ടതായി യു എൻ റിപ്പോർട്ടിൽ പറയുന്നു.