lock-down

തിരുവനന്തപുരം: കൊവിഡ് അതിവേഗം വ്യാപിച്ചപ്പോൾ തലസ്ഥാനത്ത് നടപ്പാക്കിയ ലോക്ക് ഡൗൺ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ലെന്ന് ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത അദ്ധ്യക്ഷനായ സമിതിയുടെ വിലയിരുത്തൽ. കണ്ടെയ്ൻമെന്റ് സോണുകൾ അടക്കമുള്ള തീവ്ര രോഗബാധിത മേഖലകളിൽ നടപടികൾ ശക്തമാക്കുകയും രോഗവ്യാപനം തടയുകയുമാണ് ചെയ്യേണ്ടതെന്നും സമിതി നിർദ്ദേശിച്ചു. തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപിച്ചതോടെയാണ് ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കം ഏർപ്പെടുത്തിയത്. ഇത് തുടരണോയെന്ന കാര്യത്തിൽ പഠിച്ച് റിപ്പോർട്ട് നൽകാനാണ് ചീഫ് സെക്രട്ടറിയെ നേരത്തെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള ഇടങ്ങളിൽ ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയത്.

തലസ്ഥാനത്തെ ഇപ്പോഴത്തെ നില കണക്കിലെടുക്കുകയാണെങ്കിൽ ലോക്ക് ഡൗണോ, ട്രിപ്പിൾ ലോക്ക് ഡൗണോ കൊണ്ട് രോഗവ്യാപനം പിടിച്ചു നിറുത്താനായില്ലെന്ന് വ്യക്തമാണ്. എന്നാൽ, രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഭരണസംവിധാനത്തിന് കൂടുതൽ സമയം ലോക്ക് ഡൗണിലൂടെ ലഭിച്ചു എന്നത് വസ്തുതയാണെന്നും റിപ്പോർട്ടിൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

തലസ്ഥാനത്ത് മൂന്ന് തവണയാണ് ലോക്ക് ഡൗൺ നീട്ടിയത്. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ജൂലായ് 6ന് ആയിരുന്നു നഗരത്തിൽ ആദ്യം ട്രിപ്പിൾ ലോക്ക് ‌ഡൗൺ പ്രഖ്യാപിച്ചത്. 13ന് രോഗികൾ വീണ്ടും വർദ്ധിച്ചതോടെ ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടി. അവശ്യ സർവീസുകൾക്ക് അനുമതിയും സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാൻ അനുവദിച്ചുകൊണ്ടായിരുന്നു ലോക്ക് ഡൗൺ നീട്ടൽ. രോഗബാധ ഉയർന്നതോടെ 18ന് തീരദേശം ക്രിട്ടിക്കൽ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനൊപ്പം 10 ദിവസത്തേക്ക് ട്രിപ്പിൾ ലോക്ക് ഡ‌ൗണും ഏർപ്പെടുത്തി. രോഗവ്യാപനത്തിൽ കുറവുണ്ടാകാതിരുന്നതോടെ 20ന് വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടി. പിന്നീട് ലോക്ക് ഡൗൺ നീട്ടുന്നതിനോട് സർക്കാരും യോജിച്ചില്ല. തുടർന്ന് കണ്ടെയ്ൻമെന്റ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും കർശന നിയന്ത്രണം നിലനിറുത്തി കൊണ്ട് നഗരത്തിലെ മറ്റിടങ്ങളിൽ ഇളവുകൾ അനുവദിക്കുകയായിരുന്നു.

രോഗവ്യാപന തോത് 92%

ജില്ലയിൽ ജൂലായിൽ 14 ശതമാനം ആയിരുന്നു കൊവിഡ് രോഗവ്യാപന നിരക്ക്. എന്നാൽ, ആഗസ്റ്റ് രണ്ട് ആയപ്പോഴേക്കും തോത് ആറിരട്ടിയ്ക്കടുത്ത് ഉയർന്ന് 92 ശതമാനം ആയി. സംസ്ഥാനത്തെ ആകെ സമ്പർക്ക രോഗികളുടെ അഞ്ച് ശതമാനം ആയിരുന്നത് ഇപ്പോൾ 29 ശതമാനം ആണെന്ന് സമിതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകരുന്നതും തലസ്ഥാനത്താണ്. ലോക്ക് ഡൗൺ സമയത്ത് നഗരസഭാ പരിധിയിലെ ഏട്ട് പ്രദേശങ്ങളിലായുണ്ടായ ക്ളസ്‌റ്ററുകളിൽ ആയിരത്തിന് മേൽ സമ്പർക്ക കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും സമിതി ഉദാഹരണസഹിതം വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കിടെ പൂന്തുറയിലും സമീപപ്രദേശങ്ങളിലും 629 കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, അതേസമയത്ത് ബീമാപള്ളി, വള്ളക്കടവ് എന്നിവിടങ്ങളിൽ യഥാക്രമം 86, 72 എന്നിങ്ങനെയായിരുന്നു പോസിറ്റീവായവരുടെ എണ്ണം.

ജൂണിൽ തന്നെ ലോക്ക് ‌ഡൗണിലായ മണക്കാട്ട് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന കാര്യവും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. പൂന്തുറയിൽ 629 രോഗികൾ റിപ്പോർട്ട് ചെയ്തതിൽ 329 പോസിറ്റീവ് കേസുകളും ആദ്യ രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു. ശേഷിച്ച ഏഴ് ദിവസം കൊണ്ട് പോസിറ്റീവായത് 240 പേരാണ്. പെരുമാതുറ, തുമ്പ, കരുംകുളം, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നീ തീരപ്രദേശങ്ങളിൽ രൂപംകൊണ്ട ക്ളസ്‌റ്ററുകൾ ജില്ലയിൽ രോഗവ്യാപനത്തിന്റെ കണ്ണി പൊട്ടിച്ചില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.

ലോക്ക് ഡൗൺ പട്ടിണിയിലാക്കി
നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പട്ടിണിയിലായത് ജീവിക്കാനായി മത്സ്യബന്ധനം അടക്കമുള്ള തൊഴിലുകൾ ചെയ്തിരുന്നവരെയാണ്. തീരത്ത് രോഗവ്യാപനം കൂടിയതോടെ കടലിൽ പോകുന്നത് സർക്കാർ വിലക്കിയതോടെ ഇവരുടെ അന്നം മുട്ടി. പ്രൊവിഷൻ സ്‌റ്റോറുകളിലും പച്ചക്കറി കടകളിലുമുള്ള സാധനങ്ങൾ വാങ്ങാൻ ആളില്ലാതായി. മാർച്ച് 25ന് ആദ്യമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഏതാണ്ട് ഒരു മാസക്കാലം കടകൾ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. കൂനിന്മേൽ കുരു എന്നപോലെയാണ് പിന്നീടുണ്ടായ ലോക്ക് ഡൗണുകളുമെന്നും റിപ്പോർട്ടിൽ പറയുന്നു.