ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നടൻ മൂന്ന് കാര്യങ്ങളാണ് ഗൂഗിളിൽ തിരഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സ്വന്തം പേര്, മുൻ മാനേജർ ദിഷ സാലി, മനോരോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് താരം ഗൂഗിളിൽ തപ്പിയത്.
താരത്തിന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.സുശാന്ത് ആത്മഹത്യ ചെയ്തതിന് ഒരാഴ്ച മുമ്പാണ് ദിഷ മരിച്ചത്. മുംബയ് മലാഡിലെ കെട്ടിട സമുച്ചയത്തിൽനിന്നു വീണു മരിച്ച നിലയിലാണു ദിഷയെ കണ്ടെത്തിയത്. ദിഷയുടെ മരണവുമായി ബന്ധപ്പെടുത്തി തന്നെക്കുറിച്ച് ചർച്ചകൾ നടക്കുന്നത് താരം അറിഞ്ഞിരുന്നു. ഇക്കാര്യം മാദ്ധ്യമങ്ങളിൽ വരുമെന്ന് സുശാന്ത് ഭയപ്പെട്ടിരുന്നു. അതിനാലാകാം ദിഷയുടെ പേരും, തന്റെ പേരും ഗൂഗിളിൽ തിരഞ്ഞതെന്നും ഇത് വലിയതോതിൽ നടന്റെ മാനസികനിലയെ സ്വാധീനിച്ചിരിക്കാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
ദിഷ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയുടെ മാനേജറായും ജോലി ചെയ്തിരുന്നു. ഇരുമരണങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നാല് മാനസികരോഗ വിദഗ്ദ്ധരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ചികിത്സയ്ക്കായി നടൻ തങ്ങളുമായി ബന്ധപ്പെട്ടിരുന്നെന്ന് ഇവർ പറയുന്നു. ഏതൊക്കെ മരുന്നുകളാണ് ഡോകടർമാർ നൽകിയതെന്ന വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
ജൂൺ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്തത്.മുംബയ് ബാന്ദ്രയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിയുടേതുൾപ്പെടെ നിരവധിയാളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.