
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറ്റിലെ മത്തായിയുടെ കസ്‌റ്റഡി മരണത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ‌്പെൻഡ് ചെയ്‌തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ.രാജേഷ് കുമാറിനെയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ പ്രദീപിനെയുമാണ് സസ്‌പെൻഡ് ചെയ്‌തത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ചേർത്തേക്കും എന്നാണ് സൂചന.
വനം വകുപ്പ് രേഖകളിൽ കൃതൃമം കാട്ടിയെന്നതിനും തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല. മത്തായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വനപാലകർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിപ്പട്ടികയിൽ ചേർക്കുമെന്നാണ് സൂചന. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലുള്ള രേഖകളിൽ തിരുമറി നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഡി.എഫ്.ഒയുടെ പ്രത്യേക അനുമതി ഇല്ലാതെ ജി.ഡി സ്റ്റേഷന് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന നിയമമാണ് ലംഘിക്കപ്പെട്ടതെന്നാണ് വിവരം. മത്തായി മരിച്ച ദിവസം രാത്രി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ കരികുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയതും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തടെയാണ്. അതേസമയം മത്തായിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കോൺഗ്രസ് ഏറ്റെടുത്തു. നാളെ മുതൽ കോൺഗ്രസ് നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ റിലേ ഉപവാസം സമരവും തുടങ്ങും.