കേരളത്തിൽ ആയുഷ് വകുപ്പ് രൂപീകരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞു. ഇതുവരെ ഈ വകുപ്പിന് കാര്യമായി ഒരു പുരോഗതിയും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. അതിന്റെ ഉത്തരവാദിത്വം ഈ വകുപ്പ് ഭരിച്ച, ഭരിച്ചുകൊണ്ടിരിക്കുന്ന സെക്രട്ടറി മാർക്ക് തന്നെയാണ്. ഈ അഞ്ചു വർഷത്തിനിടയിൽ അഞ്ചു സെക്രട്ടറിമാർ മാറി വന്നു. 2016 ൽ ഒരു ആയുഷ് പോളിസി ഉണ്ടാക്കിയത് ഒഴിച്ചാൽ മറ്റൊന്നും കാര്യമായി സംഭവിച്ചിട്ടില്ല. വിവരാവകാശ പ്രകാരം ചോദിച്ചപ്പോൾ, അത്തരം ഒരു പോളിസി യെ കുറിച്ചു വിവരങ്ങൾ ലഭ്യമല്ല എന്ന മറുപടിയാണ് കിട്ടിയത്. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാവുന്നു, ഇത് വരെ ഭരിച്ചതും, ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന സെക്രട്ടറിയുടെയും ഉദാസീനതയുടെ നഗ്നമായ ചിത്രം.
01 .06 .2020 തീയതിയിലെ ആയുഷ് ഉത്തരവ് അഞ്ചാം ഖണ്ഡികയിൽ പറയുന്നത് ആയുഷ് സ്ഥാപനങ്ങളിലെ രോഗികൾക്കു ക്രിയാക്രമങ്ങൾ (പഞ്ചകർമ ചികിത്സ) ചെയ്യരുത് എന്നാണ്. ഇത് തീർത്തും ബുദ്ധിശൂന്യമായ ഉത്തരവ് ആണ് എന്നതിൽ ഒരു സംശയവും വേണ്ട.
ആയുഷ് സെക്രട്ടറിയുടെ 23 / 03 /2020 ലെ മറ്റൊരു ഉത്തരവിൽ ആയുർവേദ ആശുപത്രികളിലെ രോഗികളെ ഉടൻ ഡിസ്ചാർജ് ചെയ്യാനും, പനി, ശ്വാസതടസം എന്നീ ലക്ഷണങ്ങൾ ഉള്ളവരെ അലോപ്പതി ആശുപത്രിയിലേക്ക് റഫർ ചെയ്യണമെന്നും നിർദേശിച്ചുകൊണ്ടുള്ളതാണ്. ഇതും ആയുഷ് സെക്രട്ടറി എന്ന നിലയിലെ അവരുടെ വീഴ്ച തന്നെ.
കൊവിഡ് രംഗത്ത് നിന്ന് ആയുർവേദത്തെ പൂർണമായും, ആരംഭ ദിശയിൽ അകലം പാലിച്ചു നിറുത്തിയിരുന്നു. അതും ആധുനിക വൈദ്യത്തിൽ ചികിത്സ ഇല്ല എന്നറിഞ്ഞിട്ടും. എന്നാൽ ചില കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉടലെടുക്കുകയും ഇതര സംസ്ഥാനങ്ങളിൽ ആയുർവേദ ചികിത്സ കൂടി ഉൾപ്പെടുത്തുകയും, അനുകൂലമായി കേന്ദ്ര സർക്കാർ തീരുമാനം വരികയും ചെയ്തപ്പോൾ, പല പേരുകളിൽ ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചു. അതോടെ കൂടുതൽ ആൾക്കാർ ആയുർവേദത്തെ ആശ്രയിക്കാൻ തുടങ്ങി. അമൃതം പദ്ധതി അതിന്റെ ആരംഭ ഘട്ടത്തിൽ തന്നെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വളരെ പരിമിതമായ ജീവനക്കാരെ വച്ചുകൊണ്ടു ഡോക്ടർമാർ അഹോരാത്രം പണിയെടുത്തു. ഈ വസ്തുത ഇപ്പോൾ സർക്കാർ മറക്കുന്നു.
കൊവിഡ് സംബന്ധമായ വിഷയങ്ങളിൽ സർക്കാരിനെ നിയന്ത്രിക്കുന്നത് ആരോഗ്യ വകുപ്പാണ്. അവരുടെ ഗൂഢ ലക്ഷ്യങ്ങളിൽ ഒന്ന് ആയുർവേദത്തെ നിർജീവമാക്കുക എന്നതാണ്. എന്നാലേ രോഗികളുടെ എണ്ണം ഇവിടെ വർദ്ധിക്കുകയുള്ളു. ഇത് ഒരു തരത്തിൽ 'ധൃതരാഷ്ട്ര ആലിംഗനത്തെ" അനുസ്മരിപ്പിക്കുന്നു.
ആയുഷ് വകുപ്പ് സെക്രട്ടറി അലോപ്പതി ഡോക്ടർ ആണ്. മേലിൽ ആയുഷ് വകുപ്പിൽ സെക്രട്ടറി ആയി ഒരു അലോപ്പതി ഡോക്ടറെ നിയമിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. നിലവിലെ പ്രത്യേക ക്ലിനിക്കുകൾ നിർജീവമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാതെ, ക്ലിനിക്കുകൾ പൂർവാധികം ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ സർക്കാർ തയ്യാറാവണം.
കേരളത്തിലെ ആയുർവേദ സ്ഥാപനങ്ങളിലെ ഡോക്ടർമാരെ സഹായിച്ചില്ല എങ്കിലും സർക്കാർ ഉപദ്രവിക്കരുത്. അവരെ അവരുടെ ജോലിക്കു വിടുക.കാല പ്രവാഹത്തിൽ കലഹരണ പെട്ടുപോകുന്ന ഒരു വൈദ്യ ശാസ്ത്രം അല്ല ആയുർവേദം; അങ്ങനെ നശിക്കാൻ ആയിരുന്നുവെങ്കിൽ വളരെ കാലങ്ങൾക്ക് മുൻപേ തന്നെ ഇത് നശിച്ചു പോയേനെ.
(ആയുർവേദ മെഡിക്കൽ ഒാഫീസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റാണ് ലേഖകൻ.ഫോൺ . 94470 58458 )