yesudas-sujatha

സംഗീതപ്രേമികൾക്ക് എന്നും പ്രിയങ്കരമാണ് സുജാതയുടെ ഗാനങ്ങൾ. ചിത്രയ്‌ക്കൊപ്പം വളരെ വേഗത്തിലാണ് സുജാതയും മലയാളിയുടെ മനസിൽ ചിര പ്രതിഷ‌്‌ഠ നേടിയത്. ഗുരുവായൂരിൽ ഒരു കല്യാണത്തിനാണ് ബേബി സുജാതയെ കണ്ടുമുട്ടിയതെന്നും,​ അന്നു മുതൽ ഇന്നുവരെയും തനിക്കും കുടുംബത്തിനും സുജാത മകൾ തന്നെയാണെന്ന യേശുദാസിന്റെ വാക്കുകൾ തന്നെ മതിയാകും​ ഈ ഗായികയുടെ പ്രസക്തി മനസിലാക്കുവാൻ.

ഒരു സംഗീത പരിപാടിക്കിടെ സുജാതയോട് യേശുദാസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്വകാര്യ ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ മീശമാധവൻ എന്ന ചിത്രത്തിലെ ഗാനമാണ് യേശുദാസിനൊപ്പം സുജാത ആലപിച്ചത്. വരികൾക്കിടയിലെ 'സംഗതികൾ' ഒരിക്കൽ കൂടി ആലപിക്കാൻ മടിച്ച സുജാതയോട്, 'ഇവിടെ അച്ഛനും മോളുമൊന്നുമില്ല ഡയറക്‌ടർക്ക് ഇത് ആവശ്യമാണ്. വൺ മോർ ടേക്ക്' എന്ന് യേശുദാസ് ആവശ്യപ്പെടുകയായിരുന്നു. ഗാനഗന്ധർവന്റെ നർമ്മം കലർന്ന വാക്കുകൾ സദസിൽ ചിരിപടർത്തുകയും ചെയ്‌തു.