ന്യൂഡൽഹി: രാജ്യത്ത് അൺലോക്ക് മൂന്നിന്റെ ഭാഗമായി ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കുന്നതിനായുള്ള മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. ജിമ്മുകളിലേയും യോഗ കേന്ദ്രങ്ങളിലേയും ജീവനക്കാർക്കും പരിശീലനത്തിന് എത്തുന്നവർക്കും ആരോഗ്യ സേതു ആപ്പ് നിർബബന്ധമാക്കി. സമയക്രമം പുനക്രമീകരിക്കണമെന്നാണ് മറ്റൊരു നിർദേശം. പരിശീലനത്തിന് എത്തുന്നവർ ശാരീരിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്.
മറ്റന്നാൾ മുതലാകും രാജ്യത്ത് ജിമ്മുകളും യോഗ സെന്ററുകളും പ്രവർത്തനം ആരംഭിക്കുക. കഴിഞ്ഞ മാസം അവസാനം തന്നെ അൺലോക്കിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. രാത്രി കാലങ്ങളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ മൂന്നാംഘട്ടത്തിൽ പിൻവലിച്ചിട്ടുണ്ട്. കൊറോണ പ്രോട്ടോകോളുകളും സാമൂഹിക അകലവും പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
സ്‌കൂളുകളും, കോളേജുകളും, കോച്ചിംഗ് സെന്ററുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല. മെട്രോ റെയിൽ, സിനിമ തിയറ്ററുകൾ, ഹാളുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, അസ്സംബ്ലി ഹാളുകൾ തുടങ്ങിയവ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ അടഞ്ഞ് കിടക്കും.