സങ്കടപ്പെടുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്ന സ്വഭാവമില്ല.എന്തു കാര്യത്തെയും
നേരിടാൻ അറിയാം.അനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠമാണിതെന്ന് മുത്തുമണി വ്യക്തമാക്കുന്നു
എന്താണ് സിനിമകളുടെ എണ്ണം കുറയുന്നത്?
എനിക്ക് ചേർന്നു പോകാൻ പറ്റുന്ന ഏത് പ്രോജക്ട് വന്നാലും യെസ് പറയാറുണ്ട്. പഠനത്തിന്റെയോ പരീക്ഷയുടെയോ തിരക്കുള്ളപ്പോൾ മാത്രമേ സിനിമകൾ വേണ്ടെന്ന് വച്ചിട്ടുള്ളൂ. എനിക്ക് തിരിക്കാണെന്നോ ഇപ്പോൾ അഭിനയിക്കുന്നില്ലെന്നോ ആരെങ്കിലും കരുതുന്നുണ്ടോയെന്ന് അറിയില്ല. ഒട്ടും ശരിയാവില്ലെന്ന് തോന്നുന്ന സിനിമകളേ ഒഴിവാക്കാറുള്ളൂ.
ബോൾഡായ സ്ത്രീയുടെ ഇമേജാണ് മുത്തുമണിക്ക്. ജീവിതത്തിലും അങ്ങനെയാണോ?
അറിയില്ല.. അത് മറ്റുള്ളവർ പറയേണ്ട കാര്യമല്ലേ. നമുക്ക് നമ്മളെ കുറിച്ച് ചില ധാരണകളുണ്ടാകും. മിക്കവാറും അതൊക്കെ അബദ്ധമാകാനേ തരമുള്ളൂ. തടിവച്ചോ മെലിഞ്ഞോ എന്നൊക്കെ കണ്ണാടി നോക്കിയാൽ അറിയാം എന്നല്ലാതെ തന്റേടമുണ്ടോയെന്ന് മനസിലാക്കാനാവില്ലല്ലോ. കൂടുതൽ സങ്കടപ്പെടുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്ന സ്വഭാവമില്ല. ഒരു പ്രശ്നം വന്നാൽ പതറിപ്പോകില്ല. അതിനെ നേരിടാൻ അറിയാം. അത് വീട്ടിലെ പരിശീലനത്തിൽ നിന്നും കോളേജിലെയും ജോലി സ്ഥലത്തെയും അനുഭവങ്ങളിൽ നിന്നും പഠിച്ചതാണ്. സിനിമയിൽ സജീവമാകുന്നതിന് മുമ്പ് ഞാനൊരു കമ്പനിയിൽ ജോലി ചെയ്തിരുന്നു.
അങ്കിൾ സിനിമയിൽ പതിനേഴ് വയസുള്ള ഒരു പെൺകുട്ടിയുടെ അമ്മയായി അഭിനയിക്കാൻ മടി തോന്നിയോ?
സിനിമ തിരഞ്ഞെടുക്കുമ്പോൾ ഒരിക്കൽ പോലും കഥാപാത്രത്തിന്റെ പ്രായം നോക്കാറില്ല. തുടക്കം മുതൽ എന്നെക്കാൾ പ്രായമുള്ള വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല ജോയ് ഏട്ടന്റെ ഷട്ടർ എനിക്ക് വളരെ ഇഷ്ടമുള്ളൊരു സിനിമയാണ്. അതിന് ശേഷം അദ്ദേഹം എഴുതുന്ന സിനിമ, മമ്മൂക്ക നായകൻ. നോ പറയേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. ഒരു കഥാപാത്രമായി അഭിനയിക്കുകയാണല്ലോ നടിയുടെ ജോലി. ഇമേജിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല.
ഈ വേഷത്തിലേക്ക് മുത്തുമണിയെ നിർദ്ദേശിച്ചത് മമ്മൂട്ടിയാണെന്ന് കേട്ടിരുന്നു?
അങ്കിളിന്റെ പ്രൊമോഷൻ പരിപാടികളുടെ സമയത്താണ് ജോയ് ഏട്ടൻ ഇക്കാര്യം പറഞ്ഞത്. ചെറിയൊരു സീനിൽ മാത്രം വരുന്ന ഡോക്ടറുടെ കഥാപാത്രം ചെയ്യാനാണ് എന്നെ ആദ്യം വിളിച്ചത്. പക്ഷേ, ഷൂട്ടിംഗ് തുടങ്ങാറായപ്പോൾ അമ്മയുടെ വേഷം ചെയ്യേണ്ട ആർട്ടിസ്റ്റ് മാറി. ഇനി ആര് എന്നാലോചിക്കുമ്പോൾ മുത്തുമണിയോട് ചോദിക്കൂവെന്ന് മമ്മൂക്ക പറഞ്ഞത്രേ. അഭിനയത്തിലും മമ്മൂക്ക നന്നായി സഹായിച്ചു. ഒരു പെൺകുട്ടിയുടെ ദേഹത്ത് അവളുടെ സമ്മതമില്ലാതെ തൊട്ടാൽ തന്നെ കേസെടുക്കാൻ വകുപ്പുണ്ടെന്ന് ക്ളൈമാക്സിലൊരു ഡയലോഗുണ്ട്. അതൊക്കെ മമ്മൂക്കയുടെ സംഭാവനയാണ്. സമൂഹത്തെ നിരീക്ഷിക്കുകയും മനസിലാക്കുകയും അതുമായി ആത്മാർത്ഥമായി ഇടപഴകുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. താരമെന്ന രീതിയിൽ മാറിനിൽക്കുന്നില്ല.
ആ സിനിമയിലെ പോലെ എപ്പോഴെങ്കിലും സദാചാര പൊലീസിംഗ് നേരിടേണ്ടി വന്നിട്ടുണ്ടോ?
നമ്മൾ ഇടപഴകുന്ന സാഹചര്യങ്ങളുടെ ഗുണം കൊണ്ടായിരിക്കാം അത്തരം അനുഭവമുണ്ടായിട്ടില്ല. പക്ഷേ, സദാചാര പൊലീസിംഗ് നേരിടേണ്ടി വന്ന സുഹൃത്തുക്കളോട് സംസാരിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം ആളുകളും അനുഭവിക്കേണ്ടി വരുന്ന ഒരു പ്രശ്നത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടൂ എന്നേ പറയാനാകൂ. കല്യാണം കഴിച്ച സ്ത്രീക്കും പുരുഷനും പോലും സിന്ദൂരക്കുറിയും താലിയും വിവാഹ സർട്ടിഫിക്കറ്റുമില്ലാതെ ഒരുമിച്ച് പോകാൻ പ്രയാസമാണെന്ന് കേട്ടിട്ടുണ്ട്. ഇതേ ആളുകൾ അപകടം പറ്റിക്കിടക്കുന്ന ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാത്തതാണ് ഇരട്ടത്താപ്പ്. നമ്മുടെ നാട്ടിൽ നല്ല ആളുകൾ ഇല്ലെന്ന് പറയുന്നില്ല. എന്നാലും ഇതെല്ലാം കൂടി ചേർന്നതാണ് സമൂഹം.
എന്താണ് മുത്തുമണിയുടെ രാഷ്ട്രീയം?
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ ആരും പ്രവർത്തിക്കാൻ പാടില്ല. വളരെ അടുപ്പമുള്ള സുഹൃത്തുക്കളോടും അച്ഛനമ്മമാരോടുമൊക്കെ ഒരുപാട് സ്വാതന്ത്ര്യത്തോടെ നമ്മൾ പെരുമാറുന്നുണ്ടാകാം. പക്ഷേ, പരിധി വിടാതിരിക്കാൻ ശ്രദ്ധിക്കണം.
നിയമം പഠിച്ചത് ജീവിതത്തിൽ എത്രത്തോളം പ്രയോജനം ചെയ്തിട്ടുണ്ട്?
നിയമം പഠിച്ചെങ്കിലും ഇതുവരെ പ്രാക്ടീസ് ചെയ്തിട്ടില്ല. എന്തായാലും നിയമ പഠനം നമ്മുടെ അവകാശങ്ങളെ കുറിച്ച് ഒരുൾക്കാഴ്ച തന്നിട്ടുണ്ട്. നിയമത്തിന്റെ സാദ്ധ്യതകളും വ്യക്തി എന്ന നിലയിലുള്ള ഉത്തരവാദിത്വവും ബോദ്ധ്യപ്പെടാൻ കഴിഞ്ഞു. ആഴത്തിൽ പഠിക്കാനുള്ള ആഗ്രഹമാണ് എൽഎൽ.എം ചെയ്യാൻ പ്രേരിപ്പിച്ചത്.
സ്ത്രീ കഥാപാത്രങ്ങൾക്ക് അടുത്തകാലത്ത് മാറ്റം വന്നതായി തോന്നാറുണ്ടോ?
എക്കാലത്തും ശക്തവും ദുർബലവുമായ സ്ത്രീ കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്. രണ്ടും സിനിമയുടെ ഭാഗമാണ്. രസകരമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്.
ഒരുപാട് ന്യൂജനറേഷൻ താരങ്ങൾ വന്നല്ലോ. ആരെയാണ് കൂടുതലിഷ്ടം?
എല്ലാത്തരം സിനിമയും ഓടിനടന്ന് കാണുന്ന കൂട്ടത്തിലാണ് ഞാനും ഭർത്താവ് അരുണും. പരീക്ഷയ്ക്ക് സിലബസ് പൂർത്തിയാക്കുന്ന പോലെ ഇറങ്ങുന്ന മിക്ക സിനിമകളും കാണും. ഓരോ താരങ്ങളുടെയും അഭിനയത്തിൽ ശക്തമായൊരു വശം കാണും. അത് നിരീക്ഷിക്കാനും മനസിലാക്കാനും ഇഷ്ടമാണ്.