പുരുഷന്മാർക്കൊപ്പം തന്നെ സേനയിൽ പ്രവർത്തിക്കുകയും യുദ്ധം ചെയ്യാൻ യുദ്ധഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഒരു പറ്റം യുവതികളുണ്ട് അങ്ങ് ഇസ്രായേലിൽ. അവിടെ വനിതകൾക്കും സൈനിക സേവനം നിർബന്ധമാണ്. 'ലയൺസ് ഒഫ് ജോർദാൻ'എന്നാണ് പുതിയ ബറ്റാലിയന്റെ പേര്.
പുരുഷന്മാർ ഇസ്രായേൽ പ്രതിരോധ സേനയിൽ (ഐ.ഡി.എഫ്) മൂന്ന് വർഷവും സ്ത്രീകൾ രണ്ടുവർഷവും സേവനമനുഷ്ഠിക്കുന്നു. സ്വദേശത്തും വിദേശത്തുമുള്ള ഇസ്രായേലി പൗരന്മാർക്ക് ഇത് ബാധകമാണ്. മെഡിക്കൽ കാരണങ്ങളാലും പുതിയ കുടിയേറ്റക്കാർക്കും ചില മതവിഭാഗങ്ങൾക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ, അത്‌ലറ്റുകൾക്ക് ഒരു ഹ്രസ്വ സേവനം പൂർത്തിയാക്കാം.
ഈജിപ്തിന്റെയും ജോർദാന്റെയും അതിർത്തികളിലാണ് ഇസ്രയേലിന്റെ പെൺപുലികൾ കാവൽനിൽക്കുക. 1200ൽ അധികം യുവതികളാണ് ബറ്റാലിയനിലുള്ളത്. തങ്ങളെ സംഘർഷ മേഖലയിലേക്ക് പോസ്റ്റ് ചെയ്യണമെന്ന് ബറ്റാലിയനിലുള്ള 38 ശതമാനം യുവതികളും ആവശ്യപ്പെട്ടത് ഇവരുടെ യുദ്ധവീര്യത്തിന്റെ തെളിവാണ്.
കരസേനയിൽ മാത്രമല്ല, നാവികസേനയിലും ഹോം ഫ്രണ്ട് കമാൻഡിലും ആർട്ടിലറി കോപ്‌സിലും മിലിട്ടറി പൊലീസിലുമെല്ലാം വനിതകൾ പ്രവർത്തിക്കുന്നുണ്ട്. വനിതകൾ യുദ്ധമുൾപ്പെടെയുള്ള സൈനിക സേവനം അനുഷ്ഠിച്ചു പോരുന്നു. വെസ്റ്റ് ബാങ്കിലടക്കം മിക്കവാറും സംഘർഷ മേഖലകളിൽ വനിതാ സൈനികരുടെ സാന്നിദ്ധ്യമുണ്ട്.
ഇതുവരെയായും 500ൽ അധികം വനിതകളാണ് ഏറ്റുമുട്ടലുകളിൽ രാജ്യത്തിനായി വീരചരമം പ്രാപിച്ചത്. ഈ ജനുവരിയിൽ പലസ്തീനിയൻ ഡ്രൈവർ ഓടിച്ച ട്രക്കിടിച്ച് മൂന്നു വനിതാ സൈനികർ മരിച്ചിരുന്നു. ഇവർക്കെല്ലാം ഇരുപതിനടുത്ത പ്രായം മാത്രമായിരുന്നുണ്ടായിരുന്നത്. ജറുസലേമിലെ പഴയനഗരത്തിലേക്ക് പലസ്തീനിയൻ ഭീകരവാദികൾ ട്രക്കോടിച്ചു കയറ്റുകയായിരുന്നു.